14 July, 2020 04:03:15 PM


ഏറ്റുമാനൂരില്‍ മൂന്ന് പേര്‍ക്ക് കോവിഡ്: രോഗബാധ 18 ദിവസം ക്വാറന്‍റയിനില്‍ കഴിഞ്ഞവര്‍ക്കും



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാറോലിക്കലിനു സമീപം വില്ലയില്‍ താമസിക്കുന്ന 42കാരി യുവതിക്കും 9 വയസുകാരി മകള്‍ക്കും ചെറുവാണ്ടൂര്‍ സ്വദേശിയായ 43 കാരനുമാണ് കോവിഡ് പോസിറ്റീവായത്.


ജൂണ്‍ 26ന് ഷാര്‍ജയില്‍നിന്ന് എത്തിയ യുവതിയും മകനും മകളും പതിനാല് ദിവസം ക്വാറന്‍റയിന്‍ കഴിഞ്ഞശേഷം ഞായറാഴ്ചയാണ് സ്രവം പരിശോധിക്കുന്നത്. ഇവര്‍ വന്ന വിമാനത്തിലെ യാത്രക്കാരന് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ഇന്ന് ഫലം വന്നപ്പോള്‍ അമ്മയ്ക്കും മകള്‍ക്കും കോവിഡ് പോസിറ്റീവായി. 13കാരനായ മകന്‍റെ ഫലം നെഗറ്റീവാണ്.


ആന്‍ഡമാനില്‍നിന്ന് 13 ദിവസം മുമ്പ് നാട്ടിലെത്തിയ ചെറുവാണ്ടൂര്‍ സ്വദേശി  കളത്തിപ്പടിയിലെ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഞായാറാഴ്ചയാണ് ഇദ്ദേഹത്തിന്‍റെ സ്രവവും പരിശോധനയ്ക്ക് എടുത്തത്. ഇതോടെ ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒമ്പത് ആയി.


ദില്ലിയില്‍ നിന്നും എത്തി പേരൂരിലെ വീട്ടില്‍ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തിരുവല്ല സ്വദേശിനിയായ ഗര്‍ഭിണിയ്ക്കാണ് നഗരസഭാ പരിധിയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ക്ക് 14 ദിവസത്തെ ഗൃഹനിരീക്ഷണത്തിന് ശേഷം 17-ാം ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ ഇതേതുടര്‍ന്ന് ക്വാറന്‍റയിനില്‍ പ്രവേശിച്ചിരുന്നു.


തെള്ളകം സ്വദേശികളായ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ജൂണ്‍ 30നാണ്. സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 19ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന 36 കാരനും ഇതേ ദിവസം മസ്കറ്റില്‍നിന്ന് എത്തി ഏറ്റുമാനൂരില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റയിന്‍ കഴിഞ്ഞിരുന്ന 38 കാരനുമാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്.  ഏറ്റുമാനൂര്‍ പട്ടിത്താനത്തുനിന്നുമുള്ള നഴ്സിന് കോവിഡ് സ്ഥിരീകരിച്ചത് കുവൈറ്റില്‍ വിമാനമിറങ്ങിയശേഷം.


ചെന്നൈയില്‍നിന്നും ജൂണ്‍ 27ന് വിമാനത്തില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനി (27)യ്ക്ക് രോഗം സ്ഥിരീകരിച്ചത് ജൂലൈ 6ന്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഖത്തറില്‍നിന്നും ജൂണ്‍ 27ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശി (28)യ്ക്ക് രോഗം സ്ഥിരീകരിച്ചത് ജൂലൈ 7ന്.  രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.2K