13 July, 2020 11:42:29 PM
"സാമൂഹിക അകലവും ന്യൂ ജന്‍ വാഹനങ്ങളും": കോട്ടയത്ത് ഇന്ന് 82000 രൂപാ പിഴ ഈടാക്കി
കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച് ഇന്ന് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 38950/- രൂപാ പിഴ ഈടാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. ഓട്ടോറിക്ഷയും ബസും ഉള്‍പ്പെടെ 1494 വാഹനങ്ങള്‍ പരിശോധിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.
ന്യൂ ജനറേഷന്‍ ഇരുചക്ര വാഹനങ്ങള്‍ ക്രിമിനല്‍ ആക്ടിവിറ്റിക്കും, മറ്റു നിയമ ലംഘനങ്ങള്‍ക്കുമായി കൂടുതലായി ഉപയോഗിക്കുകയും അമിത വേഗതമൂലം അപകടങ്ങളില്‍ പെടുകയും ട്രാഫിക് തടസ്സങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ പ്രത്യേക പരിശോധനയും നടന്നു. കോട്ടയം സബ് ഡിവിഷനില്‍ പെട്ട കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, കുമരകം, അയര്‍ക്കുന്നം, ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ എന്നീ പോലിസ് സ്റ്റേഷന്‍ പരിധികളില്‍ ന്യൂ ജനറേഷന്‍ ഇരുചക്ര വാഹനങ്ങള്‍ പരോശോധിച്ചു.
മോട്ടോര്‍ വാഹന നിയമാനുസൃതമല്ലാത്ത നമ്പര്‍ പ്ലേറ്റ് മോഡിഫിക്കേഷന്‍, ഫാന്‍സി ലെറ്ററുകള്‍ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് എഴുതുക, സൈലന്‍സര്‍ മോഡിഫിക്കേഷന്‍, ഹാന്‍ഡില്‍ വ്യത്യാസം വരുത്തുക, അഡീഷണല്‍ ലൈറ്റുകള്‍, അഡീഷണല്‍ ഹോണ്‍, അമിത വേഗത, സിഗ് സാഗ് ആയി വണ്ടി ഓടിക്കുക, ഹെല്‍മറ്റ് ധരിക്കാതിരിക്കുക, രണ്ടിലധികം ആളുകള്‍ യാത്ര ചെയ്യുക, റിയര്‍ വ്യൂ മിറര്‍ ഇല്ലാതിരിക്കുക, ഉണ്ടെങ്കില്‍ തന്നെ സ്റൈലിനുവേണ്ടി ഒതുക്കി വയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. ആകെ 741 ന്യൂ ജനറേഷന്‍ ബൈക്കുകള്‍ പരിശോധിച്ചതില്‍ 191 ബൈക്കുകള്‍ പിടിച്ചെടുത്തു. 185 പേരില്‍നിന്ന് 43050/- രൂപ പിഴ ഇനത്തില്‍ ഈടാക്കി.
കോട്ടയം ഡി വൈ എസ് പി ആര്‍ ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ എം ജെ അരുണ്‍, നിര്‍മ്മല്‍ ബോസ്, ഗോപകുമാര്‍, അന്‍സാരി, ബാബു സെബാസ്റ്റ്യന്‍, സജീവ് ചെറിയാന്‍, ട്രാഫിക് എസ് ഐ മനു വി നായര്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ന്യൂ ജെന്‍ ടു വീലര്‍ പരിശോധന കര്‍ശനമാക്കും എന്ന് കോട്ടയം ഡി വൈ എസ് പി അറിയിച്ചു.