10 July, 2020 09:15:56 PM
വഴിയോര കച്ചവടക്കാരില്‍ നിന്നും 27 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തു
ഏറ്റുമാനൂര്‍: ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏറ്റുമാനൂര്‍, പാലാ ഭാഗങ്ങളില്‍ വഴിയോരത്ത് കച്ചവടക്കാരില്‍ നിന്നും 27 കിലോഗ്രാം പഴകിയ മീന്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ഏറ്റുമാനൂര്‍ കൂടല്ലൂര്‍ കവലയിലെ വ്യാപാരിയില്‍ നിന്നുമാണ് കൂടുതല്‍ മീന്‍ പിടിച്ചെടുത്തത്. 14 കിലോഗ്രാം. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍നിന്ന് കൊണ്ട് വന്ന് വിറ്റതാണ് പിടിച്ചെടുത്ത മീന്‍.
പൈകയില്‍ നിന്ന് അഞ്ച് കിലോ ഉണക്കമീനും പൂവരണി, ഭരണങ്ങാനം എന്നിവിടങ്ങളില്‍നിന്ന് 8 കിലോ പച്ചമീനും പിടിച്ചെടുത്തു. ഐസും ഫോര്‍മാലിനും ഉപയോഗിക്കുന്നതിനാല്‍ മീനിന്‍റെ പഴക്കം എത്രയെന്ന് പെട്ടെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഏറ്റുമാനൂര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.തെരസിലിന്‍ ലൂയിസ് പറഞ്ഞു. കടുത്തുരുത്തി ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.നിമ്മി അഗസ്റ്റിനും റെയ്ഡില്‍ പങ്കെടുത്തു. ലൈസന്‍സില്ലാതെ വഴിയോരകച്ചവടം നടത്തിയ ഒട്ടേറെ ആളുകള്‍ക്ക് നോട്ടീസ് നല്‍കി.