09 July, 2020 07:22:35 PM
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് കോട്ടയത്ത് തുടക്കം
കോട്ടയം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം പുന്നത്തുറ സര്‍ക്കാര്‍ യു.പി സ്കൂളില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വഹിച്ചു.
പ്രീപ്രൈമറി മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ജില്ലയില്‍ കിറ്റുകള്‍ വിതരണം ചെയ്യുക. സപ്ലൈകോ എത്തിച്ചു നല്‍കിയ അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകള്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സ്കൂളുകളില്‍നിന്ന് രക്ഷിതാക്കള്‍ക്കാണ് കൈമാറുന്നത്.
പ്രീപ്രൈമറി കിറ്റില്‍ 1.2 കിലോഗ്രാം അരിയും 283.50 രൂപയുടെ പലവ്യഞ്ജനങ്ങളുമാണുളളത്. പ്രൈമറി വിഭാഗത്തിനുള്ള കിറ്റില്‍ നാലു കിലോഗ്രാം അരിയും 283.50 രൂപയുടെ പലവ്യഞ്ജനങ്ങളുമുണ്ട്. അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ആറു കിലോഗ്രാം അരിയും 380.50 രൂപയുടെ പലവ്യഞ്ജനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ചെറുപയര്‍, കടല, തുവരപരിപ്പ്, മുളക്പൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ആട്ട, പഞ്ചസാര, ഉപ്പ് എന്നിവയാണ് കിറ്റില്‍ ഉളള പലവ്യഞ്ജനങ്ങള്‍.
ഉദ്ഘാടനച്ചടങ്ങില്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കൂമ്പിക്കല്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറ്ക്ടര്‍ വി.ആര്‍. ഷൈല, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, കോട്ടയം ഡി.ഇ.ഒ കെ. ബിന്ദു, സപ്ലൈകോ റീജിയണല്‍ അസിസ്റ്റന്‍റ് മാനേജര്‍ സാജു മാത്യു, ഏറ്റുമാനൂര്‍ എ.ഇ.ഒ ജോര്‍ജ് തോമസ്, ഹെഡ്സ്മിസ്ട്രസ് വി. പത്മജം എന്നിവര്‍ പങ്കെടുത്തു.