05 July, 2020 11:59:22 AM
'ആനവണ്ടി'കളിപ്പീര് ജോർ...! വെള്ളപ്പുരയ്ക്ക് ടിക്കറ്റ് നൽകി, രാമപുരത്ത് ഇറക്കിവിട്ടു
- സുനിൽ പാലാ
പാലാ: കഴിഞ്ഞ രാത്രി കൂത്താട്ടുകുളത്തു നിന്നും പാലായ്ക്കടുത്ത് വെള്ളപ്പുരയ്ക്ക് ടിക്കറ്റെടുത്ത യാത്രക്കാരനെ രാമപുരത്ത് ഇറക്കിവിട്ട് കെ.എസ്. ആർ. ടി. സി. പാലാ ഡിപ്പോ ജീവനക്കാരുടെ "ആനകളി ". വെള്ളിയാഴ്ച രാത്രി 9 30 ന് കൂത്താട്ടുകളത്തു നിന്നു ബസിൽ കയറിയ ചക്കാമ്പുഴ മുഞ്ഞനാട്ട് ജോബി യെയാണ് ആന വണ്ടിക്കാർ രാമപുരത്തെ വാരിക്കുഴിയിൽ വീഴിച്ചത്.
വെള്ളപ്പുരയ്ക്ക് ടിക്കറ്റ് നൽകിയിട്ടും രാമപുരത്ത് ഇറക്കിവിടുകയായിരുന്നു എന്നാണ് ജോബിയുടെ പരാതി. ''വെള്ളപ്പുര" എന്ന് ടിക്കറ്റിൽ രേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയപ്പോൾ ടിക്കറ്റിൽ പലതും കാണും തങ്ങൾ ഇപ്പോൾ റൂട്ടുമാറ്റുകയാണ് എന്ന ധിക്കാരപരമായ മറുപടിയാണ് ബസ്സ് ജീവനക്കാരിൽ നിന്നുമുണ്ടായതെന്ന് ജോബി പറയുന്നു. ഇത് സംബന്ധിച്ച് ഇന്നലെ ഉച്ചയോടെ പാലാ കെ. എസ്. ആർ. ടി. സി. ഡിപ്പോയിൽ പരാതി നൽകിയപ്പോൾ വേണേൽ ക്ഷമ പറയാം നഷ്ടപരിഹാരം നൽകാനാവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ ജീവനക്കാരനായ ജോബി പറയുന്നു.
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അപരിചിതരെ ഒട്ടോറിക്ഷകളിൽ പോലും കയറ്റാൻ മടിക്കുമ്പോഴാണ് കെ. എസ്. ആർ. ടി. സി. യുടെ ഈ ചതിപ്പണി. ഇതു സംബന്ധിച്ച് പാലാ എം. എൽ. എ മാണി. സി. കാപ്പനും ഗതാഗത മന്ത്രിക്കും കെ.എസ്. ആർ. ടി. സി യിലെ ഉയർന്ന ഉദ്യോഗസ്ഥർക്കും ജോബി പരാതി നൽകിയിട്ടുണ്ട്.
പാലാ കെ. എസ്. ആർ. ടി. സി. ഡിപ്പോ അധികൃതരുടെ വിശദീകരണം -
"ഇതേ സമയം വൈറ്റില -പാലാ രാത്രി സർവ്വീസ് രാമപുരത്തു നിന്ന് ഐങ്കൊമ്പ് കൊല്ലപ്പിള്ളി വഴിയാണുള്ളതെന്ന് പാലാ കെ. എസ്. ആർ. ടി. സി. അധികൃതർ പറഞ്ഞു. കൊല്ലം സ്വദേശിയായ കണ്ടക്ടർക്ക് , യാത്രക്കാരൻ പറഞ്ഞ സ്ഥലം വേണ്ട വിധം മനസ്സിലായില്ല. അങ്ങനെയാണ് "വെള്ളപ്പുര " എന്ന് ടിക്കറ്റിൽ വന്നത്. എന്നാൽ ബസ്സ് പോകാത്ത റൂട്ടിലെ സ്ഥലമെങ്ങനെ ടിക്കറ്റിൽ വന്നു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാനും ഡിപ്പോ അധികൃതർക്ക് കഴിഞ്ഞില്ല.
കണ്ടക്ടർക്ക് എന്തായാലും വീഴ്ച പറ്റി. മനുഷ്യത്വപരമായ ഒരു നടപടി എന്ന നിലയിലാണ് യാത്രക്കാരനോട് ക്ഷമ പറയാമെന്ന് പറഞ്ഞത്. ഇതിനോട് യാത്രക്കാരന് യോജിപ്പില്ലെങ്കിൽ വേണ്ട. യാത്രക്കാരനിൽ നിന്നു കിട്ടിയ പരാതി മേൽനടപടിക്കായി എ.റ്റി. ഒ.യ്ക്ക് കൈമാറിയിട്ടുണ്ട്."