04 July, 2020 06:32:10 PM
ഏറ്റുമാനൂരിലെ ചെരുപ്പുകടയില്‍ എത്തിയ യുവാവിന് കോവിഡ്; ജീവനക്കാര്‍ ക്വാറന്‍റയിനില്‍
കോട്ടയം: നീണ്ടൂരില്‍ നിന്ന് കൊല്‍ക്കത്തയിലെത്തി കോവിഡ് സ്ഥിരീകരിച്ച യുവാവിന്‍റെ സാന്നിദ്ധ്യം ഏറ്റുമാനൂരിലും. ഇയാള്‍ ഏറ്റുമാനൂരിലെ ചെരുപ്പ് കടയിലെത്തി സാധനം മേടിച്ചതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് എം.സി.റോഡില്‍ ശക്തിനഗറില്‍ സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള ചെരുപ്പുകടയിലെ രണ്ട് ജീവനക്കാരെ ക്വാറന്‍റയിനില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ കടയില്‍ വന്ന് പോകുന്നത് സിസിടിവി ക്യാമറയിലൂടെയാണ് ഉറപ്പാക്കിയത്. ആ സമയം കടയിലുണ്ടായിരുന്നവരെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.
കൊല്‍ക്കത്തയില്‍ നഴ്സായ യുവാവ് ഒരു മാസത്തിലേറെ നീണ്ടൂരില്‍ ഉണ്ടായിരുന്നു. ഒന്നാം തീയതിയാണ് ഇയാള്‍ നാട്ടില്‍ നിന്നും പോയത്. വിമാനമാര്‍ഗം കൊല്‍ക്കത്തയിലിറങ്ങിയ ശേഷം രണ്ടാം തീയതി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ജൂണ്‍ മുപ്പതിന് ഏറ്റുമാനൂര്‍ ശക്തിനഗറില്‍ എത്തിയ ഇയാള്‍ ആദ്യം അടുത്തിടെ തുടങ്ങിയ കടയുടെ മുമ്പിലെത്തി റോഡില്‍ നിന്നും സംസാരിച്ചശേഷമാണ് തൊട്ടപ്പുറത്തുള്ള ചെരുപ്പുകടയില്‍ എത്തിയത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഏറ്റുമാനൂർ സ്വദേശി യുവാവും. സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 20ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ഏറ്റുമാനൂര്‍ നൂറ്റൊന്നു കവല ഭാഗത്ത് താമസിക്കുന്ന 39 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.