03 July, 2020 02:47:29 PM


കൗണ്‍സില്‍ തീരുമാനം മറികടന്ന് മീന്‍കടക്ക് അനുമതി നല്‍കി ഏറ്റുമാനൂര്‍ നഗരസഭ



ഏറ്റുമാനൂര്‍: നാട്ടുകാരുടെ എതിര്‍പ്പിനെയും വാര്‍ഡ് കൗണ്‍സിലറുടെ വിയോജിപ്പിനെയും മറികടന്ന് മത്സ്യവിപണന കേന്ദ്രത്തിന് നഗരസഭ അനുമതി നല്‍കിയത് വിവാദമാകുന്നു. ഏറ്റുമാനൂര്‍ പേരൂര്‍ റോഡില്‍ സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റിന് എതിര്‍വശത്തെ നിര്‍ദ്ദിഷ്ട മത്സ്യവിപണനകേന്ദ്രത്തിനെതിരെ വിദ്യാധിരാജ റസിഡന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒന്നടങ്കം രംഗത്ത് വന്നിരുന്നു. നഗരസഭാ കൗണ്‍സിലില്‍ തത്ക്കാലം അനുമതി നല്‍കേണ്ട എന്ന തീരുമാനമുണ്ടായിട്ടും ചെയര്‍മാന്‍ ഇടപെട്ട് പെട്ടെന്ന് ലൈസന്‍സ് നല്‍കിയതില്‍ ദുരൂഹത ആരോപിക്കപ്പെടുന്നു.  


നാട്ടുകാര്‍ നല്‍കിയ പരാതി നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കെടുത്തിരുന്നു. നാട്ടുകാരുടെ വികാരം മാനിച്ച് ലൈസന്‍സ് നല്‍കുന്നത് തത്ക്കാലം മരവിപ്പിക്കണമെന്നും നടപടികള്‍ നാട്ടുകാരുമായി ചര്‍ച്ച ചെയ്ത ശേഷം മതിയെന്നുമുള്ള ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസിന്‍റെ നിര്‍ദ്ദേശപ്രകാരം ഫയല്‍ മാറ്റിക്കുകയും ചെയ്തിരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി വാര്‍ഡ് കൗണ്‍സിലര്‍ അനീഷ് വി നാഥിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കൗണ്‍സില്‍ തീരുമാനപ്രകാരമുള്ള നടപടികളിലേക്ക് പോകുന്നതിനുപകരം ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ പോലും അറിയാതെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലൈസന്‍സ് നല്‍കുകയായിരുന്നു.


വെള്ളിയാഴ്ച രാവിലെ ചോദിച്ചപ്പോഴും ലൈസന്‍സ് ഉടനെ നല്‍കില്ലെന്നും കൗണ്‍സില്‍ തീരുമാനപ്രകാരം അപേക്ഷ മാറ്റിവെച്ചിരിക്കുകയാണെന്നുമായിരുന്നു ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍റെ മറുപടി. എന്നാല്‍ അങ്ങിനെയല്ലല്ലോ നാട്ടുകാര്‍ പറയുന്നതെന്ന കൈരളി വാര്‍ത്ത പ്രതിനിധിയുടെ ചോദ്യത്തെതുടര്‍ന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ വിളിച്ച് ചോദിച്ചപ്പോഴാണ് കൗണ്‍സില്‍ തീരുമാനം ലംഘിച്ച് താനറിയാതെ ലൈസന്‍സ് നല്‍കിയ വിവരം ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ അറിയുന്നത്. നിയമപരമായ തടസങ്ങള്‍ ഇല്ലെങ്കില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് കൗണ്‍സിലര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കിയതെന്നായിരുന്നു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വിശദീകരണം. 


എന്നാല്‍ ഫയല്‍ പരിശോധിച്ചപ്പോഴാണ് വിഷയത്തില്‍ ചെയര്‍മാന്‍റെ കളി വെളിച്ചത്തായത്. നാട്ടുകാരുടെ പരാതി ഉള്ളത് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതും വാര്‍ഡ് കൗണ്‍സിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതും സൂചിപ്പിച്ചുകൊണ്ടുതന്നെ മീന്‍ കടയ്ക്ക് അനുമതി നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു നഗരസഭാ ചെയര്‍മാന്‍ ബിജു കൂമ്പിക്കന്‍റെ കത്ത്. എതിര്‍പ്പുകള്‍ എല്ലാം മറികടന്ന് കടയ്ക്ക് ലൈസന്‍സ് നല്‍കുന്നതിലുള്ള ചെയര്‍മാന്‍റെ താല്‍പര്യം സംശയാസ്പദമാണെന്ന് റസിഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറയുന്നു.


പച്ചക്കറി മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചശേഷം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്ത് ഗതാഗതക്കുരുക്കും മാലിന്യനിക്ഷേപവും വര്‍ദ്ധിച്ചിരുന്നു. ഓടകളില്‍ മാലിന്യം കെട്ടികിടക്കുന്നത് ഒട്ടേറെ പരിസ്ഥിതിപ്രശ്നങ്ങള്‍ക്കും കാരണമായി. ഇതിനിടയില്‍ മത്സ്യവിപണനകേന്ദ്രം കൂടി ഇവിടെ സ്ഥാപിച്ചാല്‍ ഏറെ ദോഷകരമാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. മാത്രമല്ല ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന്‍റെ ആറാട്ട് വഴിയാണ് ഇതെന്നതിനാല്‍ ഉത്സവകാലങ്ങളിലും ദോഷകരമായ അവസ്ഥകള്‍ക്ക് സാധ്യതയുണ്ട്. പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ അധികാരകേന്ദ്രങ്ങളില്‍ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K