02 July, 2020 07:53:59 PM


ക്വാറന്‍റയിന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടി: അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം - കോട്ടയം കളക്ടര്‍

കോട്ടയം: കോവിഡ് വ്യാപനത്തിനെതിരെ പൊതുജനങ്ങള്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന നിര്‍ദേശിച്ചു. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. ജില്ലയില്‍ നിലവില്‍ 115 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. രോഗപ്രതിരോധത്തിന്‍റെ ഭാഗമായി 7206 പേര്‍ വീടുകളിലും നിരീക്ഷണ കേന്ദ്രങ്ങളിലുമായി ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
 
സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗത്തിന്‍റെ സാമൂഹ്യ വ്യാപനം ഒഴവാക്കുന്നതിന് പൊതുജനങ്ങളും ക്വാറന്‍റയിനില്‍ കഴിയുന്നവരും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ആരോഗ്യ വകുപ്പിന്‍റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.  

അത്യാവശ്യങ്ങള്‍ക്കൊഴികെ പുറത്തു യാത്ര ചെയ്യുന്നതും പൊതു സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതും ഒഴിവാക്കണം. അവശ്യ സാധനങ്ങള്‍  താമസ സ്ഥലത്തിന് അടുത്തുള്ള കടകളില്‍നിന്നുതന്നെ വാങ്ങുക. ഇതിനായി വീട്ടില്‍നിന്നും ഒന്നിലധികം പേര്‍ പോകുന്നത് ഒഴിവാക്കണം.
 
ബന്ധുവീടുകളിലും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെയും കിടപ്പു രോഗികളെയും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ആരാധനാലയങ്ങളിലും പൊതു ചടങ്ങുകളിലും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം.
 
സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി ജനങ്ങള്‍ കൂടുതലായി എത്തുന്ന  സ്ഥലങ്ങളില്‍ സാമൂഹിക അകലം, മാസ്കിന്‍റെ ഉപയോഗം, കൈകളുടെ ശുചീകരണം എന്നിവ ഉറപ്പാക്കണം. ബ്രേക് ദ ചെയിന്‍ കാമ്പയിന്‍ സജീവമായി തുടരാന്‍ ശ്രദ്ധിക്കണം. ജില്ലയില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളും ടാക്സികളും ഓട്ടോറിക്ഷകളും കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
 

ഹോം ക്വാറന്‍റയിന്‍ എന്നാല്‍ റൂം ക്വാറന്‍റയിന്‍


ഹോം ക്വാറന്‍റയനില്‍ കഴിയുന്നവരും അതേ വീടുകളിലുള്ള ബന്ധുക്കളും അതീവ ജാഗ്രത പുലര്‍ത്തണം.ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും രോഗം ബാധിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലിന്‍റെ ഭാഗമായി മുഴുവന്‍ സമയവും മുറിയില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണം. 
വസ്ത്രങ്ങള്‍ സ്വയം കഴുകി മുറിക്കുള്ളില്‍തന്നെ ഉണക്കുകയും കൈകളും മുഖവും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയും വേണം.
ക്വാറന്‍റയിനില്‍ കഴിയുന്നവരുടെ വീടുകളിലുള്ളവരും വീടിനു പുറത്തു പോകുന്നത്  ഒഴിവാക്കണം. അവശ്യ സേവനങ്ങള്‍ക്ക് വാര്‍ഡ്തല ജാഗ്രതാ സമിതി അംഗങ്ങളെയോ ജനപ്രതിനിധികളെയോ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രികളിലോ ബന്ധപ്പെടാം.  ക്വാറന്‍റയിനില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി ആരോഗ്യ വകുപ്പ് വിലയിരുത്തുന്നുണ്ട്. നേരത്തെ തന്നെയുള്ള ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡോക്ടറുടെ സേവനം ആവശ്യമുണ്ടെങ്കില്‍ ടെലി കൗണ്‍സലിംഗ് നമ്പരില്‍ (7034322777) ബന്ധപ്പെടാം. 
ക്വാറന്‍റയിന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K