30 June, 2020 05:30:25 PM
എസ്.എസ്.എല്‍.സി: കോട്ടയം ജില്ലയില്‍ വിജയശതമാനം 99.38; സംസ്ഥാനത്ത് മൂന്നാം സ്ഥാനം
കോട്ടയം: എസ്.എസ്.എല്‍.സി പരീക്ഷയിലെ വിജയശതമാനത്തില്‍ കോട്ടയം ജില്ല സംസ്ഥാനത്ത് മൂന്നാമത്. ജില്ലയില്‍ പരീക്ഷയെഴുതിയ 19711 വിദ്യാര്‍ഥികളില്‍ 19588 പേര്‍ വിജയിച്ച് തുടര്‍ പഠനത്തിന് യോഗ്യത നേടി. 99.38 ആണ് വിജയശതമാനം. പത്തനംതിട്ട(99.71), ആലപ്പുഴ(99.57) ജില്ലകള്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍.
1851 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഇതില്‍ 1358 പേര്‍ പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളില്‍ 493 പേരാണ് ഫുള്‍ എ പ്ലസ് നേടിയത്. പാലാ-423, കാഞ്ഞിരപ്പള്ളി-412, കോട്ടയം-632, കടുത്തുരുത്തി-384 എന്നിങ്ങനെയാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള കണക്ക്.
ജില്ലയിലെ 190 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. ഇതില്‍ 49 സര്‍ക്കാര്‍ സ്കൂളുകളും 122 എയ്ഡഡ് സ്കൂളുകളും 19 അണ്‍ എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടുന്നു. ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് കോട്ടയം എം.ഡി. സെമിനാരി ഹൈസ്കൂളിലാണ്-426 പേര്‍. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് വടക്കേക്കര ഗവണ്‍മെന്‍റ് ഹൈസ്കൂളിലാണ്-നാലു പേര്‍.