29 June, 2020 05:45:51 PM
രോഗപ്രതിരോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം - മന്ത്രി കെ.കെ. ശൈലജ
കോട്ടയം: ആരോഗ്യ മേഖലയില്‍ പ്രാഥമിക തലം മുതല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിര്‍ദേശിച്ചു. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി സജ്ജമാക്കിയ നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. രോഗങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി ഒഴിവാക്കുന്നതിന് സമൂഹത്തിന്‍റെ കൂട്ടായ ഇടപെടല്‍ വേണ്ടതുണ്ട്. വാര്‍ഡുതല ആരോഗ്യ സമിതികളുടെയും സ്ക്വാഡുകളുടെയും പ്രവര്‍ത്തനവും ശുചീകരണവും ശക്തമാക്കണം.
സംസ്ഥാനത്ത് 500 പ്രാഥമികാരോഗ്യ കേന്ദങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മികച്ച കെട്ടിട സൗകര്യങ്ങള്‍, കൂടുതല്‍ ജീവനക്കാര്‍, ആധുനിക പരിശോധന സംവിധാനങ്ങളുള്ള ലാബുകള്‍, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രദേശിക തലത്തില്‍ മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് ഫലപ്രദമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
കുടുംബാരോഗ്യകേന്ദ്രങ്ങളോടനുബന്ധിച്ച് ആരംഭിച്ചിട്ടുള്ള ശ്വാസ് ക്ലിനിക്കുകള്‍ കോവിഡ് പ്രതിരോധന നടപടികളില്‍ കൂടുതല്‍ പ്രയോജനകരമായി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി ഇടപെടുന്ന ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള സമിതികള്‍ വീടുകളില്‍ കഴിയുന്നവര്‍ ക്വാറന്‍റയിന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭാ ചെയര്‍ പേഴ്സണ്‍ ഡോ.പി.ആര്‍. സോന, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സാലി മാത്യൂസ്, കൗണ്‍സിലര്‍മാര്‍, മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന അനുഷ് എസ്. കുടകശ്ശേരില്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടയം നഗരസഭ ലഭ്യമാക്കിയ 28 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാരിന്‍റെ ആര്‍ദ്രം മിഷന്‍റെ ഭാഗമായ 14 ലക്ഷം രൂപയും ഉള്‍പ്പെടെ 42 ലക്ഷം വിനിയോഗിച്ചാണ് നാട്ടകം കുടുംബാരോഗ്യ കേന്ദ്രം സജ്ജമാക്കിയത്.