26 June, 2020 12:46:38 PM


അഴിമതിയില്‍ മുങ്ങി വഴിവിളക്കുകളും; ഏറ്റുമാനൂര്‍ നഗരസഭ 'ഇരുട്ടി'ലേക്ക്

അഴിമതി അന്വേഷിക്കാന്‍ തയ്യാറാണോ എന്ന് കൗണ്‍സിലറുടെ വെല്ലുവിളി




ഏറ്റുമാനൂര്‍: നഗരസഭയിലെ നിരത്തുകളില്‍ വഴിവിളക്കുകള്‍ തെളിയിക്കുന്നതില്‍ വന്‍ അഴിമതിയെന്ന് വീണ്ടും ആരോപണം. കേടായ വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ സംഭവിച്ച വീഴ്ചകള്‍ വെള്ളിയാഴ്ച നടന്ന നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യവെ് സിപിഎം അംഗം എന്‍.വി.ബിനീഷാണ് വിഷയത്തില്‍ വന്‍ അഴിമതി ആരോപിച്ചത്. അഴിമതി അന്വേഷിക്കാന്‍ ചെയര്‍മാന്‍ തയ്യാറാണോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.


കഴിഞ്ഞ സാമ്പത്തികവര്‍ഷം വഴിവിളക്കുകള്‍ മാറ്റി സ്ഥാപിച്ച വകയില്‍ രണ്ടര ലക്ഷം രൂപാ കരാറുകാരന് നല്‍കാനുണ്ട്. ഈ പണം ലഭിക്കാതായതോടെ കരാര്‍ ഏറ്റെടുത്തയാള്‍ സേവനം നിര്‍ത്തി. നാലര ലക്ഷം രൂപയ്ക്കാണ് വഴിവിളക്കുകള്‍ മാറ്റിയിടുന്ന പ്രവൃത്തി കരാര്‍ നല്‍കിയത്. ട്യൂബ് ലൈറ്റിന് 150 രൂപയും സാധാരണ ബള്‍ബിന് 100 രൂപയും എന്നതായിരുന്നു കരാര്‍. ഒരു വാര്‍ഡില്‍ നൂറില്‍ താഴെ വഴിവിളക്കുകളാണ് ഈ തുകയ്ക്ക് പരമാവധി മാറ്റാന്‍ പറ്റുക. രണ്ട് ഘട്ടങ്ങളായി കരാര്‍ പ്രകാരമുള്ള ജോലികള്‍ തീര്‍ത്ത് കഴിഞ്ഞ നവംബറില്‍ ബില്‍ നല്‍കുകയും ചെയ്തു. ബന്ധപ്പെട്ട ക്ലര്‍ക്കിനെ ഏല്‍പ്പിച്ചെങ്കിലും അവര്‍ ഫയല്‍ മാറ്റിവെച്ചുവെന്നാണ് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ വിജി ഫ്രാന്‍സിസ് കൗണ്‍സില്‍ യോഗത്തില്‍ വെളിപ്പെടുത്തിയത്. ഇതോടെയാണ് അഴിമതി ആരോപണവും അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നത്.


മുമ്പ് ഓരോ വാര്‍ഡിലും കേടാകുന്ന വിളക്കുകള്‍ അതത് കൗണ്‍സിലര്‍മാര്‍ തന്നെ മുന്‍കൈയെടുത്ത് മാറ്റി സ്ഥാപിക്കുകയും ഇതിന്റെ പണം നഗരസഭയില്‍ നിന്ന് എഴുതി എടുക്കുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇത് വന്‍ തോതില്‍ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് 2018 മാര്‍ച്ചില്‍ മേഖല തിരിച്ച് കരാര്‍ ഏല്‍പ്പിച്ചു. ഇത് കൂനിന്മേല്‍ കുരുവെന്ന പോലെയായി. നഗരസഭാ പ്രദേശങ്ങള്‍ മൊത്തത്തോടെ ഇരുട്ടില്‍ തപ്പിതടയുന്ന അവസ്ഥയാണ് പിന്നീട് കാണാനായത്.


ഒമ്പത് വാര്‍ഡുകളടങ്ങുന്ന നാല് സോണുകളായി തിരിച്ചായിരുന്നു വഴിവിളക്കിന്റെ പണികള്‍ കരാര്‍ ഏല്‍പ്പിച്ചത്. ഒരു വഴിവിളക്ക് മാറ്റിയിടുന്നതിന് 150 രൂപാ നിരക്കില്‍ ഒരു മേഖലയ്ക്ക് ആകെ 50000 രൂപാ പ്രകാരം ആദ്യവര്‍ഷം 2 ലക്ഷം രൂപയായിരുന്നു കരാര്‍ തുക. 2018 സെപ്തംബര്‍ 30 വരെ ആറ് മാസക്കാലത്തേക്കായിരുന്നു കരാര്‍. എന്നാല്‍ ഈ തുക ഒരു തവണ പോലും വിളക്ക് മാറ്റിയിടാന്‍ തികയില്ലായെന്ന് പരാതി ഉയര്‍ന്നതോടെയാണ് കഴിഞ്ഞ വര്‍ഷം തുക നാലര ലക്ഷമായി ഉയര്‍ത്തിയത്. 


വിളക്കുകള്‍ മാറിയിടാന്‍ കരാര്‍കാരനെ വിളിച്ചാല്‍ വരില്ലെന്നായിരുന്നു അംഗങ്ങള്‍ കൗണ്‍സിലില്‍ പറഞ്ഞത്. എന്നാല്‍ കരാര്‍പ്രകാരമുള്ള പണികള്‍ കഴിഞ്ഞ ശബരിമല സീസണുമുന്നേ താന്‍ പൂര്‍ത്തിയാക്കിയതായി കരാറുകാരന്‍ പറയുന്നു. കരാര്‍ തുകയ്ക്ക് മേലെയും പണികള്‍ ചെയ്തുവെന്നും ഇനി സൗജന്യസേവനത്തിന് ഇല്ലെന്നുമാണ് കരാറുകാരന്‍ പറയുന്നത്. ഇനി അടുത്ത ക്വട്ടേഷന്‍ ക്ഷണിച്ച് പുതിയ കരാറുകാരനെ കണ്ടെത്തുന്നതുവരെ ഈ പ്രതിസന്ധി തുടരും. വൈദ്യുതി ബില്‍ വര്‍ദ്ധിച്ചതോടെ സ്ട്രീറ്റ് ലൈറ്റുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ വീടിനുമുന്നിലെ വിളക്കുകള്‍ തെളിയിക്കാതായി. ഇതോടെ ഇരുളിലായ ചിലയിടങ്ങളില്‍ നാട്ടുകാര്‍ തന്നെ മുന്‍കൈ എടുത്ത് കേടായ വഴിവിളക്കുകള്‍ മാറ്റിയിട്ടുതുടങ്ങിയിട്ടുണ്ട്.


നിരത്തുകളില്‍ മാറ്റിസ്ഥാപിക്കാനുള്ള വിളക്കുകളും മറ്റ് ഇലക്ട്രിക് സാമഗ്രികളും വാങ്ങിയതിലും ലക്ഷങ്ങളുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടത്. തീരെ നിലവാരം കുറഞ്ഞ സാമഗ്രികളാണ് നഗരസഭ വാങ്ങി കരാറുകാരനെ ഏല്‍പ്പിക്കുന്നത് എന്നാണ് പ്രധാന ആരോപണം. ഇത്തരം സാമഗ്രികള്‍ ഉപയോഗിക്കുന്നതാണ് ഒരാഴ്ച പോലും വിളക്ക് കത്താത്തതിന് കാരണമായി ചൂണ്ടികാണിക്കപ്പെട്ടത്. കമ്മീഷന്‍ കൈപ്പറ്റി മുന്‍വര്‍ഷങ്ങളില്‍ വന്‍ വെട്ടിപ്പാണ് വഴിവിളക്കുകളും അനുബന്ധസാമഗ്രികളും വാങ്ങുന്നതില്‍ നടന്നിട്ടുള്ളതെന്ന് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടും സമ്മതിക്കുന്നു.


ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണവിഷയത്തെ തുടര്‍ന്ന് സ്ഥലം മാറിപോയ അസിസ്റ്റന്റ് എഞ്ചിനീയര്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിലെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. കൗണ്‍സില്‍ അറിയാതെ 84 ലക്ഷം രൂപയാണ് സാമഗ്രികള്‍ വാങ്ങാന്‍ തിരികികയറ്റിയത്. ഫയല്‍ സെക്രട്ടറി കാണാതെ പൊതുമരാമത്ത് വിഭാഗത്തിന് കൈമാറി. എന്നാല്‍ എഞ്ചിനീയര്‍ ഇത് കണ്ടെത്തി കൗണ്‍സിലില്‍ അവതരിപ്പിച്ചതോടെ ഇതിന് പിന്നില്‍ കളിച്ച കൗണ്‍സിലര്‍മാരുടെ പദ്ധതി പാളിയെന്നും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയില്‍ നിന്നും ഗുണനിലവാരമുള്ള സാമഗ്രികള്‍ വാങ്ങാനായെന്നും ജോര്‍ജ് പുല്ലാട്ട് പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K