25 June, 2020 12:42:29 PM
ക്വാറന്‍റയിന്‍ നിര്‍ദ്ദേശിക്കപ്പെട്ട ആഗ്രാ സ്വദേശിയെ ഏറ്റുമാനൂരില്‍ നടുറോഡില്‍ ഇറക്കിവിട്ടു
കോട്ടയം: പനിയെ തുടര്‍ന്ന് കോട്ടയം ജില്ലാ ആശുപത്രിയിലെത്തിയ അന്യസംസ്ഥാനയുവാവിനെ സ്രവം പരിശോധനയ്ക്കെടുത്തശേഷം നടുറോഡില്‍ ഇറക്കിവിട്ടു. ഏറ്റുമാനൂര്‍ 101 കവലയ്ക്ക് സമീപം എം.സി.റോഡില്‍ പാവകച്ചവടം നടത്തിവന്നിരുന്ന ആഗ്രാ സ്വദേശിയായ 32കാരനെയാണ് ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ കയറ്റി രാത്രി റോഡിലിറക്കി വിട്ടത്.
ലോക്ഡൗണിനെതുടര്‍ന്ന് അന്യസംസ്ഥാനതൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയ കൂടെ ആഗ്രാ സ്വദേശിയായ ഈ യുവാവും മടങ്ങിപോയിരുന്നു. കഴിഞ്ഞ 22ന് ഇയാള്‍ ട്രയിന്‍ മാര്‍ഗം എറണാകുളത്ത് മടങ്ങിയെത്തി. അവിടെനിന്നും ബസില്‍ ഏറ്റുമാനൂരില്‍ എത്തിയ യുവാവ് യ്ക്ക് മരുന്ന് വാങ്ങാനായി ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 മണിയ്ക്ക് ജില്ലാ ആശുപത്രിയിലെത്തി. രണ്ട് ദിവസമായി പനിയുണ്ടായിരുന്ന യുവാവില്‍ സംശയം തോന്നിയതിനെതുടര്‍ന്നാണ് സ്രവം പരിശോധനയ്ക്ക് എടുത്തത്.
ആശുപത്രി നിരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയ്യാറാകാതെ വന്നതിനെതുടര്‍ന്നാണത്രേ ആ വിവരം ഓ പി ചീട്ടില്‍ രേഖപ്പെടുത്തി പതിനാല് ദിവസത്തെ ഹോം ക്വാറന്‍റയിന്‍ നിര്‍ദ്ദേശിച്ച് ഡോക്ടര്‍ ഇയാളെ വിടുതല്‍ ചെയ്തത്. എന്നാല്‍ വഴിയോരകച്ചവടക്കാരനായ യുവാവിന് മതിയായ ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാതെയും ഇല്ലെങ്കില്‍ പകരം സംവിധാനത്തിനുള്ള നടപടികള്‍ എടുക്കാതെയുമാണ് രാത്രി എട്ട് മണിയോടെ റോഡിലിറക്കിവിട്ടത്.
മാത്രമല്ല സംശയാസ്പദമായ സാഹചര്യത്തില്‍ സ്രവം എടുക്കപ്പെട്ട ഇയാളെ ക്വാറന്‍റയിന്‍ നിര്‍ദ്ദേശിച്ച് വിട്ടത് തദ്ദേശസ്ഥാപനത്തേയോ ഏറ്റുമാനൂരിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയോ പോലും അറിയിക്കാതെയാണ്. ക്വാറന്‍റയിന്‍ മാനദണ്ഡങ്ങള്‍ പാലിക്കക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ ഒട്ടുമില്ലാതെ വഴിയരികില്‍ പടുതാ കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡില്‍ ഇറക്കിവിട്ട ആരോഗ്യവിഭാഗത്തിന്‍റെ നടപടി ജനരോഷത്തിന് കാരണമായി.
ഇന്നലെ രാത്രി ആംബുലന്‍സില്‍ ഇറക്കിവിട്ടത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഇന്ന് രാവിലെ ഒമ്പതരയോടെ ഏറ്റുമാനൂരില്‍ നിന്നും സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് അധികൃതരും വില്ലേജ് ഓഫീസറും പോലീസും അടങ്ങുന്ന സംഘം ഇയാളെ അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ആഗ്രയില്‍നിന്നും മടങ്ങിയെത്തിയ നാള്‍ മുതല്‍ ഇയാള്‍ ഇവിടെ കച്ചവടം തുടരുകയും തൊട്ടടുത്ത കടകളില്‍ നിന്ന ഭക്ഷണം കഴിക്കുകയും വെള്ളം എടുക്കുന്നതിനും മറ്റും അടുത്തുള്ള വീടുകളില്‍ എത്തിയതുമൊക്കെ നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.