24 June, 2020 08:34:08 PM


കുറുപ്പന്തറയില്‍ ലോറിയിൽ കഞ്ചാവ് പിടികൂടിയ സംഭവം: ഗുണ്ടാത്തലവനും ലോറി ഉടമയും അറസ്റ്റിൽ




കോട്ടയം: നാഷണൽ പെർമിറ്റ് ലോറിയിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സംഭവത്തിൽ കഞ്ചാവിനു പണം നൽകിയ ഗുണ്ടാത്തലവനും ലോറി ഉടമയും അറസ്റ്റിൽ. കുറുപ്പന്തറ മാര്‍ക്കറ്റിന് സമീപം 60 കിലോ കഞ്ചാവ് പിടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഗുണ്ടാ സംഘത്തലവൻ ആർപ്പൂക്കര പനമ്പാലം കൊപ്രായീൽ ജെയിസ്‌മോൻ ജേക്കബ് (അലോട്ടി -27), കുമാരനല്ലൂർ ചൂരക്കാട്ട് സി.ആർ നിബുമോൻ (നീലിമംഗലം അപ്പു - 29) എന്നിവരെ കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബി.എസ് ബിനു, എസ്.ഐ ടി.എസ് റെനീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.


ആന്ധ്രയിൽ നിന്നും നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടു വന്ന 60 കിലോ കഞ്ചാവുമായി പേരൂർ ആലഞ്ചേരി തെള്ളകം കളപ്പുരയ്ക്കൽ വീട്ടിൽ ജോസ് (40), തലയാഴം തോട്ടകം തലപ്പുള്ളിൽ ഗോപു (27) എന്നിവരെ ജൂൺ 17 ന് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാസംഘം തലവൻ അലോട്ടിയ്ക്കും ലോറി ഉടമ അപ്പുവിനുമായാണ് കഞ്ചാവ് ജില്ലയിലേയ്ക്കു എത്തിച്ചതെന്നു കണ്ടെത്തിയത്.


ആന്ധ്രയിൽ നിന്നും മറ്റ് ലോഡ് ഒന്നുമില്ലാതെയാണ് ലോറിയില്‍ കഞ്ചാവ് എത്തിച്ചത്. 30 പാഴ്‌സൽ കഞ്ചാവാണ് കോട്ടയത്തേയ്ക്കു കൊണ്ടു വന്നത്. ലോറി ഡ്രൈവറുമായി അലോട്ടിയും, അപ്പുവും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് സംഘം കണ്ടെത്തി. ഇരുവരുടെയും അക്കൗണ്ടിലേയ്ക്ക് അലോട്ടിയും അപ്പുവും പണം ഇട്ടു നൽകിയിരുന്നതായും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ്, പൊലീസ് ഇരുവരെയും കേസിൽ പ്രതി ചേർത്തത്.


വാറ്റു ചാരായം കൈവശം വച്ചതിനു മൂന്ന് ദിവസം മുമ്പ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്ത  അലോട്ടി നിലവിൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. കഞ്ചാവ് കേസിൽ സബ് ജയിലിൽ എത്തിയ പൊലീസ്, കോടതിയുടെ അനുമതിയോടെ അലോട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപ്പുവിനെ കുറുപ്പന്തറ ഭാഗത്തു നിന്നും പിടികൂടിയത്. അപ്പുവും അലോട്ടിയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും, ഇരുവരും കാരിയർമാരായ ജോസിന്‍റെയും ഗോപുവിന്‍റെയും അക്കൗണ്ടിലേയ്ക്കു പണം ഇട്ടു നൽകിയിരുന്നതായും പൊലീസ് കണ്ടെത്തി. എ.എസ്.ഐ പ്രമോദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സൂരജ്, സിവിൽ പൊലീസ് ഓഫിസർ അഭിലാഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K