22 June, 2020 05:38:49 PM


സോണിയച്ചന്റെ വിയോഗത്തില്‍ കണ്ണീര്‍ വാര്‍ത്ത് വിശ്വാസികള്‍; ദുരൂഹത നീക്കണമെന്ന് ആവശ്യം



കോട്ടയം: തങ്ങളുടെ പ്രിയപ്പെട്ട സോണിയച്ചന്റെ വിയോഗത്തില്‍ കണ്ണീര്‍ വാര്‍ക്കുകയാണ് മങ്കൊമ്പ് തെക്കേക്കര നിവാസികള്‍. പുന്നത്തുറ സെന്റ് തോമസ് പള്ളി മുറ്റത്തെ കിണറ്റില്‍ ജീവിതം അവസാനിച്ച വികാരി സോണിയച്ചന്‍ എന്ന് ഫാ.ജോര്‍ജ് എട്ടുപറയില്‍ നന്മയുടെ പ്രതീകമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സ്വദേശമായ മങ്കൊമ്പ് തെക്കേക്കര സെന്റ് ജോണ്‍സ് ഇടവകക്കാര്‍ സ്മരിക്കുന്നു. വര്‍ഷങ്ങളോളം അമേരിക്കയില്‍ സേവനം ചെയ്ത ശേഷം ഫാ.ജോര്‍ജ് കഴിഞ്ഞ ഫെബ്രുവരിയിലാണ് തിരിച്ചെത്തി പുന്നത്തുറ ഇടവകയില്‍ സേവനനിരതനായത്.


സോണിയച്ചന്റെ സേവനം നാട്ടുകാര്‍ ഏറ്റവും അനുഭവിച്ചറിഞ്ഞത് പ്രളയത്തിന്റെ കാലത്തായിരുന്നു.2018ലെ മഹാപ്രളയത്തിന്റെ ദുരിതം ഏറ്റവും അനുഭവിച്ച കുട്ടനാട്, മങ്കൊമ്പ് മേഖലകളില്‍ വീട് നഷ്ടപ്പെട്ട നിരവധി പേര്‍ക്കാണ് വീടു വയ്ക്കാന്‍ അച്ചന്‍ പണം നല്‍കിയത്. അഞ്ചു വര്‍ഷം അമേരിക്കയില്‍ പള്ളികളില്‍ സേവനം ചെയ്തിരുന്ന കാലത്ത് ലഭിച്ച 50 ലക്ഷത്തോളം വരുന്ന സ്റ്റൈപ്പന്റ് മുഴുവന്‍ സ്വന്തം നാട്ടിലെ ജനങ്ങളുടെ ദുരിതമകറ്റാനാണ് നല്‍കിയത്. സ്വന്തം ഇടവകയിലും മുന്‍പ് സേവനം ചെയ്ത കായല്‍പുറം ഉള്‍പ്പെടെ മറ്റ് സ്ഥലങ്ങളിലും ജാതിമത ഭേദമന്യേ അദ്ദേഹം പണം നല്‍കി. സമ്മര്‍ദ്ദങ്ങള്‍ താങ്ങാനുള്ള മാനസിക ശേഷി ഇല്ലാതെ പോയതാണ് യുവജനങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ടവനായ അദ്ദേഹത്തിന്റെ പരാജയമെന്നും നാട്ടുകാര്‍ പറയുന്നു.


പുന്നത്തുറ പള്ളിയില്‍ ഏറെ മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. പതിറ്റാണ്ടുകളായി വണങ്ങിവന്ന കുരിശ് രൂപം അള്‍ത്താരയില്‍ നിന്ന് മാറ്റിയതിനെ ചൊല്ലി വിശ്വാസികള്‍ക്കിടയിലുണ്ടായ ഭിന്നതയാണ് ഏറ്റവും വലിയ പ്രശ്നമായി മാറി. സംഘര്‍ഷവും പോലീസ് ഇടപെടലുകളും അറസ്റ്റും വരെയുണ്ടായി. 500ഓളം ഇടവകാംഗങ്ങളുള്ള പള്ളിയിലെ വരുമാനത്തില്‍ ഇതോടെ വലിയ കുറവുണ്ടായി. ഇത് പള്ളിയുടെ ദൈനംദിന ചെലവുകള്‍ക്കുപോലും തികയാത്ത തരത്തിലേക്കാണ് കൂപ്പുകുത്തിയത്. ഇത് വികാരിയെ മാനസികമായി ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് ഇവകാംഗങ്ങളില്‍ ചിലര്‍ പറഞ്ഞു.


ഇതിനു പുറമേ പള്ളിയിലുണ്ടായ തീപിടുത്തത്തില്‍ നാലു പേര്‍ക്ക് പൊള്ളലേറ്റതോടെ അവരുടെ ചികിത്സാ ചെലവും കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യതയും വികാരിയച്ചന്റേതായി. എന്നാല്‍ അതിരൂപതയുടെ ഭാഗത്തുനിന്നും ഒരു സഹായവും അച്ചന് കിട്ടിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇത്രയും നല്ലൊരു പുരോഹിതന്‍ പള്ളിയില്‍ വന്നിട്ടില്ലെന്നും ഇദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത മറനീക്കി പുറത്തുകൊണ്ടുവരണമെന്നുമാണ് ഒരു വിഭാഗം വിശ്വാസികളുടെ ആവശ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K