22 June, 2020 10:56:31 AM
കാണാതായ വൈദികന്റെ മൃതദേഹം പള്ളിവളപ്പിലെ കിണറ്റിൽ; സിസിടിവി ഓഫാക്കിയ നിലയില്‍
കിടങ്ങൂർ: ദുരൂഹ സാഹചര്യത്തിൽ കാണാതായ വൈദികന്റെ മൃതദേഹം പള്ളി വളപ്പിലെ കിണറ്റിൽ കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് പള്ളിയിലെ (വെള്ളാപ്പള്ളി പള്ളി) വൈദികൻ എടത്വ സ്വദേശിയായ ഫാ. ജോർജ് എട്ടുപറയലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്. ഇന്നലെ ഉച്ചവരെ വികാരി പള്ളിയിലുണ്ടായിരുന്നതായി വിശ്വാസികൾ പറയുന്നു. വൈകുന്നേരം മുതലാണ് ഇദ്ദേഹത്തെ കാണാതായത്. തുടർന്നു, മൊബൈൽ ഫോൺ നിശബ്ദമാക്കി വെച്ച് മുറി ചാരിയിട്ട നിലയിലാണ്. പള്ളിയ്ക്കുള്ളിൽ സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും, ഈ ക്യാമറകൾ എല്ലാം ഓഫ് ചെയ്ത നിലയിലായിരുന്നു. പള്ളി കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ചേർന്നു അയർക്കുന്നം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പള്ളിയിൽ നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി അതിരൂപതയിൽ നിന്നും വൈദികർ സ്ഥലത്ത് എത്തി. ഫാ.ജോർജിന് പള്ളി വിട്ടു പോകേണ്ടതായ സാഹചര്യം ഒന്നും നിലവിലില്ലെന്നാണ് പള്ളി കമ്മിറ്റി അധികൃതരുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ പള്ളിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒന്നും നിലവിലില്ല താനും. വൈദികന്റെ തിരോധാനം ദുരൂഹമായി നിലനിൽക്കെയാണ് മൃതദേഹം കിണറ്റിൽ പൊങ്ങിയത്.
വൈദികനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം, പുന്നത്തുറ പ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല.
ചങ്ങനാശേരി അതിരൂപത അനുശോചിച്ചു
പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയുടെ അസ്വഭാവിക മരണത്തില്‍ ചങ്ങനാശേരി അതിരൂപത അനുശോചിച്ചു. വാര്‍ത്താക്കുറിപ്പിലൂടെയാണ് രൂപത അനുശോചനം അറിയിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഫാ. ജോര്‍ജ് എട്ടുപറ പുന്നത്തുറ പള്ളി വികാരിയായി ചുമതലയേറ്റത്. കുറച്ചു നാളുകള്ക്കുമുന്പ് പള്ളിമുറ്റത്തുണ്ടായ തീപിടിത്തത്തില്‍ ചിലര്‍ക്ക് പരിക്ക് പറ്റിയ സംഭവം രക്തസമ്മര്ദ്ദരോഗിയായ അദ്ദേഹത്തിന് വലിയ വിഷമത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് മനസിലായിട്ടുള്ളതാണെന്നും രൂപത അറിയിച്ചു. പോലീസിന്റെ എല്ലാ നിയമനടപടികളോടും അതിരൂപത പൂര്‍ണമായി സഹകരിക്കുന്നതാണെന്നും അതിരൂപത ജാഗ്രത സമിതി കോഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലുര് അറിയിച്ചു.