20 June, 2020 06:14:22 PM
മഹാമാരി: കോട്ടയത്ത് ക്വാറന്റൈനില്‍ ഒന്നിച്ച് കഴിഞ്ഞ രണ്ട് നഴ്സുമാര്‍ക്ക് രോഗം
കോട്ടയം: വീട്ടില്‍ ക്വാറന്റൈനില്‍ ഒന്നിച്ച് കഴിഞ്ഞ രണ്ട് നഴ്സുമാര്‍ക്ക് കോവിഡ്. മണിമല സ്വദേശിനിയായ നഴ്സിനും (23) ഇവര്‍ക്കൊപ്പം കഴിഞ്ഞ വയനാട് സ്വദേശിനിയായ നഴ്സിനുമാണ് (24) കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു.
ഇവര്‍ ദില്ലിയില്നിന്നെത്തി ഹോം ക്വാറന്റൈനില്‍ ഒന്നിച്ചുകഴിയുകയായിരുന്നു. ജൂണ്‍ 16 ന് ആണ് നഴ്സുമാര്‍ നാട്ടിലെത്തിയത്. റിയാദില്‍നിന്നും കെയര്‍ടേക്കര്‍ക്കൊപ്പം എത്തിയ പത്തും ആറും വയസുള്ള കുട്ടികള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇന്ന് 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറു പേര് വിദേശത്തുനിന്നും, അഞ്ചു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്.
കുവൈറ്റില്‍ നിന്നും സൗദി അറേബ്യയിലെ റിയാദില്‍ നിന്നും ദില്ലിയില്‍ നിന്നും വന്ന മൂന്നു പേര്‍ക്കു വീതവും മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ രണ്ടു പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ ഒന്‍പതു പേര് വീട്ടിലും രണ്ടു പേര് ക്വാറന്റൈന് കേന്ദ്രങ്ങളിലും നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേരെ പാലാ ജനറല്‍ ആശുപത്രിയിലും രണ്ടു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.