20 June, 2020 12:32:32 PM
പാലാ ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികൾ ഇന്നെത്തും

പാലാ: ജനറൽ ആശുപത്രിയിൽ ഇന്ന് വൈകിട്ടോടുകൂടി ആദ്യമായി കോവിഡ് രോഗികളെ ചികിത്സയ്ക്ക് പ്രവേശിപ്പിക്കും. കോവിഡ് പ്രാഥമിക തല ചികിത്സാ കേന്ദ്രം എന്ന നിലയിൽ നൂറോളം കിടക്കകളോടുകൂടി അതീവ സുരക്ഷിതമായ ചികിത്സാ സൗകര്യങ്ങളാണ് പാലാ ജനറൽ ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്.
രോഗികൾ ഇവിടെ ചികിത്സയിലുണ്ട് എന്നതുകൊണ്ട് പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് ഒരു തരത്തിലുമുള്ള ആശങ്ക വേണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പാലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു. സി. മാത്യു അറിയിച്ചു.






