19 June, 2020 12:16:29 PM
ഏറ്റുമാനൂരിലെ 'കസേരകളി': 'അഞ്ചാമനാ'യി ബിജു കൂമ്പിക്കന്‍ അധികാരമേറ്റു
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയുടെ ആദ്യഭരണസമിതിയിലെ കസേരകളി അവസാനഘട്ടത്തില്‍. നഗരസഭയുടെ അഞ്ചാം ചെയര്‍മാനായി കോണ്‍ഗ്രസ് (ഐ)ലെ ബിജു കൂമ്പിക്കന്‍ ഇന്ന് അധികാരമേറ്റു. ഇന്ന് രാവിലെ 11ന് കുടുംബശ്രീ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പി.എസ്.വിനോദിനെ ആറ് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബിജു കൂമ്പിക്കന്‍ അധികാരത്തിലെത്തിയത്. ബിജു കൂമ്പിക്കന്‍ അധികാരമേറ്റതോടെ 'അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ചെയര്‍മാന്‍' എന്ന 'നേട്ട'വുമായി പുതിയ നഗരസഭയായ ഏറ്റുമാനൂര്‍ കേരളചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്.
യുഡിഎഫിലെ മുന്‍ധാരണപ്രകാരം കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധിയായ ജോര്‍ജ് പുല്ലാട്ട് മാര്‍ച്ച് 23ന് സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്നാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. നഗരസഭയുടെ ഒമ്പതാം വാര്‍ഡില്‍ (പുന്നത്തുറ) നിന്നുള്ള പ്രതിനിധിയായ ബിജു കൂമ്പിക്കന് 17 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി പി.എസ്.വിനോദിന് 11 വോട്ടും ലഭിച്ചു. സിപിഎം അംഗമായ ബിനീഷും സ്വതന്ത്ര അംഗമായ ബീനാ ഷാജിയും ബിജെപിയുടെ അഞ്ച് അംഗങ്ങളും തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. യുഡിഎഫ് - 14 (കോണ്‍ഗ്രസ് - 9, കേരളാ കോണ്‍ഗ്രസ് - 5), എല്‍ഡിഎഫ് - 12 (സിപിഎം - 11, സിപിഐ -1), ബിജെപി - 5, സ്വതന്ത്രന്‍മാര്‍ - 4 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. യുഡിഎഫിലെ 14 പേരും 3 സ്വതന്ത്രഅംഗങ്ങളും ബിജുവിന് വോട്ട് ചെയ്തു.
ഗ്രാമപഞ്ചായത്ത് ആയിരുന്ന ഏറ്റുമാനൂര്‍ നാലര വര്‍ഷം മുമ്പ് നഗരസഭയായി മാറിയപ്പോള്‍ പ്രഥമചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിലെ ജയിംസ് തോമസ് പ്ലാക്കിതൊട്ടിലിന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ കസേര ഒഴിയേണ്ടിവന്നു. പിന്നീട് സ്വതന്ത്രന്മാരായ ചാക്കോ ജോസഫും (ജോയി മന്നാമല) ജോയി ഊന്നുകല്ലേലും ആറ് മാസം വീതം കസേര പങ്കിട്ടു. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസിലെ ജോര്‍ജ് പുല്ലാട്ട് ഒരു വര്‍ഷം ഭരിച്ചു. മുന്‍ധാരണ അനുസരിച്ച് ഒരു വര്‍ഷമാണ് അഞ്ചാം ചെയര്‍മാന് ലഭിക്കേണ്ടതെങ്കിലും ഒക്ടോബര്‍ 31ന് നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനാല്‍ അഞ്ച് മാസം തികച്ച് കസേരയില്‍ ഇരിക്കാനാവില്ല. നവംബറില്‍ പുതിയ ഭരണസമിതി ചാര്‍ജെടുക്കത്തക്കരീതിയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്.