18 June, 2020 06:03:31 PM
ഏറ്റുമാനൂര്‍ നഗരസഭയില്‍ 'അഞ്ചാമന്‍' നാളെ അധികാരമേല്‍ക്കും
ഏറ്റുമാനൂര്‍: നാടും നഗരവും കോവിഡ് 19 ഭീഷണിയില്‍ അമര്‍ന്നിരിക്കെ ഏറ്റുമാനൂര്‍ നഗരസഭയുടെ അഞ്ചാം ചെയര്‍മാന്‍റെ തെരഞ്ഞെടുപ്പ് നാളെ. യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ കോണ്‍ഗ്രസിലെ ബിജു കൂമ്പിക്കന്‍ ആയിരിക്കും അടുത്ത ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിലെ മുന്‍ധാരണപ്രകാരം ബിജു കൂമ്പിക്കനുവേണ്ടി കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധിയായ ജോര്‍ജ് പുല്ലാട്ട് മാര്‍ച്ച് 23ന് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. 2019 മാര്‍ച്ച് 23ന് അധികാരമേറ്റ ജോര്‍ജ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാണ് കഴിഞ്ഞ മാര്‍ച്ച് 23ന് രാജി സമര്‍പ്പിച്ചത്. നാളെ പുതിയ ചെയര്‍മാന്‍ അധികാരമേല്‍ക്കുന്നതോടെ 'അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ചെയര്‍മാന്‍' എന്ന 'നേട്ട'വുമായി പുതിയ നഗരസഭയായ ഏറ്റുമാനൂര്‍ കേരളചരിത്രത്തില്‍ ഇടം പിടിക്കുക കൂടിയാണ്.
നഗരസഭയില്‍ ആദ്യ രണ്ട് വര്‍ഷം കോണ്‍ഗ്രസിലെ ജയിംസ് തോമസ് പ്ലാക്കിതൊട്ടില്‍ ആയിരുന്നു ചെയര്‍മാന്‍. പിന്നീട് സ്വതന്ത്രന്മാരായ ചാക്കോ ജോസഫും (ജോയി മന്നാമല) ജോയി ഊന്നുകല്ലേലും ആറ് മാസം വീതം കസേര പങ്കിട്ടു. മുന്‍ധാരണ അനുസരിച്ച് ഒരു വര്‍ഷമാണ് അഞ്ചാം ചെയര്‍മാന് ലഭിക്കേണ്ടതെങ്കിലും അഞ്ച് മാസം തികച്ച് കസേരയില്‍ ഇരിക്കാനാവില്ല. നവംബറില്‍ പുതിയ ഭരണസമിതി ചാര്‍ജെടുക്കത്തക്കരീതിയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 31ന് നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കും.
ജോര്‍ജ് പുല്ലാട്ട് രാജിവെച്ചതിനെതുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജിനായിരുന്നു ചെയര്‍മാന്‍റെ ചാര്‍ജ്. നഗരസഭയുടെ ഈ ഭരണസമിതിയിലെ മൂന്നാമത് വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ് ലൗലി ജോര്‍ജ്. യുഡിഎഫ് - 14 (കോണ്‍ഗ്രസ് - 9, കേരളാ കോണ്‍ഗ്രസ് - 5), എല്‍ഡിഎഫ് - 12 (സിപിഎം - 11, സിപിഐ -1), ബിജെപി - 5, സ്വതന്ത്രന്‍മാര്‍ - 4 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.
യുഡിഎഫിന്‍റെ പിന്‍തുണയോടെ ആറ് മാസം ചെയര്‍മാനായിരുന്ന ജോയി ഊന്നുകല്ലേല്‍ മുന്‍ധാരണപ്രകാരം രാജിവെച്ച ഒഴിവിലേക്കാണ് ഒട്ടേറെ നാടകീയതകള്‍ക്കൊടുവില്‍ ജോര്‍ജ് പുല്ലാട്ട് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് അംഗങ്ങളുടെയും മൂന്ന് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെ 17 വോട്ട് നേടിയാണ് ജോര്‍ജ് പുല്ലാട്ട് ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് പത്തും ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് അഞ്ച് വോട്ടും ലഭിച്ചു. രണ്ട് സിപിഎം അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫ് - ബിജെപി പിന്തുണയോടെ മത്സരിക്കാന്‍ തയ്യാറായി രംഗത്ത് വന്ന സ്വതന്ത്ര അംഗം ബീനാ ഷാജിയും അവസാനനിമിഷം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്.