17 June, 2020 10:54:18 PM
കുറവിലങ്ങാട് താലൂക്ക് ആശുപത്രി വികസനത്തിന് 33.44 കോടി രൂപ അനുവദിച്ചു
കുറവിലങ്ങാട്: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് - കിഫ്ബിയുടെ കീഴിൽ കുറവിലങ്ങാട് ഗവ. താലൂക്ക് ആശുപത്രി വികസന പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ 33.44 കോടി രൂപ അനുവദിച്ചതായി അഡ്വ മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കുറവിലങ്ങാട് ആശുപത്രി വികസനത്തിന് വേണ്ടി കേരളാ സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് തയ്യാറാക്കിയ ഡീറ്റയിൽഡ് പ്രൊജക്ട് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെന്റ് ആശുപത്രി വികസനത്തിന് ഭരണാനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അഡ്വ മോൻസ് ജോസഫ് എംഎൽഎ നിയമസഭയിൽ കുറവിലങ്ങാട് ആശുപത്രി വികസനം ഫലപ്രദമായി യാഥാർത്ഥ്യമാക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തുടർച്ചയായി സബ്മിഷൻ ഉന്നയിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പ്രോജക്ട് തയ്യാറാക്കാൻ ഹൗസിംഗ് ബോർഡിനെ ചുമതലപ്പെടുത്തിയത്. ഇത് പ്രകാരമുള്ള സമഗ്ര പദ്ധതി റിപ്പോർട്ടാണ് ഇപ്പോൾ സർക്കാർ അംഗീകരിച്ച് ഉത്തരവായിരിക്കുന്നത്.
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമാണം ഉൾപ്പെടെയുള്ള സിവിൽ വർക്കുകൾക്ക് വേണ്ടി 18.04 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വാട്ടർ സപ്ലൈ, സാനിറ്ററി, ഡ്രെയിനേജ് സൗകര്യങ്ങൾ, റോഡ് വികസനം, മഴവെള്ള സംഭരണം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സെപ്റ്റിക് ടാങ്കും അനുബന്ധ കാര്യങ്ങളും, ആശുപത്രി ചുറ്റുമതിലും പ്രവേശന കവാടവും ഉൾപ്പെടെയുള്ള അടിസ്ഥാന വികസന കാര്യങ്ങൾ പൂർണ്ണമായും ചേർത്തുള്ള സമഗ്ര പദ്ധതിയാണ് സിവിൽ വർക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രിക്കൽ വർക്കുകൾക്കും ആശുപത്രി ഉപകരണങ്ങൾക്കും വേണ്ടി 15.40 കോടി രൂപയുടെ പദ്ധതിയാണ് അംഗീകരിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ ഇലക്ട്രിഫിക്കേഷൻ, ജനറേറ്റർ, സബ് സ്റ്റേഷൻ, സോയിൽ ഇൻവെസ്റ്റിഗേഷൻ, ലിഫ്റ്റ്, ഫയർ ഫൈറ്റിംഗ്, എയർ കണ്ടീഷനിംഗ്, കമ്പ്യൂട്ടറും സിസി ടിവിയും, ടെലഫോൺ സൗകര്യങ്ങളും, ഓക്സിജൻ ഇൻസി നിറേറ്റർ, ബയോബിൻ, പവർ ലോണ്ടറി, ആശുപത്രി ഉപകരണങ്ങളും ഫർണിച്ചറും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിറവേറ്റാനുള്ള കാര്യങ്ങളാണ് രണ്ടാമത്തെ വിഭാഗത്തിൽ ചേർത്തിരിക്കുന്നത്. ആരോഗ്യവകുപ്പ് അംഗീകരിച്ച ആശുപത്രി വികസന പദ്ധതി ടെണ്ടർ ചെയ്ത് നടപ്പാക്കുന്നതിന് സാമ്പത്തിക അനുമതി ലഭിക്കുന്നതിലേക്ക് ഒരാഴ്ചയ്ക്കകം കിഫ്ബി ബോർഡ് യോഗത്തിൽ പദ്ധതിരേഖ അവതരിപ്പിച്ച് ചർച്ച ചെയ്യുമെന്ന് മോൻസ് ജോസഫ് അറിയിച്ചു.
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ പുതിയ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ ഔട്ട് പേഷ്യന്റ് വിഭാഗത്തിന്‍റെ പുന:ക്രമീകരണം, ട്രോമാ കെയർ സെന്റർ, രോഗനിർണ്ണയ യൂണിറ്റുകൾ എന്നിവക്ക് മുൻഗണന നൽകണമെന്ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുന്നതിന് ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെയും, പ്രോജക്ട് തയ്യാറാക്കിയ ഹൗസിംഗ് ബോർഡ് എൻജിനീയർമാരുടെയും, ആരോഗ്യ വകുപ്പ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ജൂൺ 26 വെള്ളിയാഴ്ച 3 മണിക്ക് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ വികസന യോഗം വിളിച്ചു ചേർക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ഇതേ തുടർന്ന് ഭാവി പ്രവർത്തന പരിപാടികൾക്ക് രൂപം നൽകുന്നതാണ്.
മീനച്ചിൽ താലൂക്കിൽ നിന്ന് കുറവിലങ്ങാട് ഗവ: ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയത് 2009ൽ അഡ്വ മോൻസ് ജോസഫ് എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചപ്പോഴായിരുന്നു. വിവിധ ഘട്ടങ്ങളിലായി എംഎൽഎ ഫണ്ടും, സർക്കാർ ഫണ്ടും, ബ്ലോക്ക് പഞ്ചായത്ത് വിഹിതവും വിനിയോഗിച്ചാണ് ആശുപത്രിയിൽ ഇതുവരെയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി പോന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർദ്രം പദ്ധതിയിൽ എംഎൽഎയുടെ പരിശ്രമഫലമായി കുറവിലങ്ങാട് ആശുപത്രിയെ ഉൾപ്പെടുത്തിയതിനെ തുടർന്ന് കൂടുതലായി വിവിധ തസ്തികകൾ അനുവദിക്കുകയും കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ആശുപത്രിയിൽ 24 മണിക്കൂർ സേവനം ജനങ്ങൾക്ക് ലഭ്യമാക്കാൻ സാഹചര്യം ഉണ്ടായത്.
ഇപ്പോൾ ആവശ്യമായ ഫണ്ട് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിലൂടെ ഏറ്റവും മെച്ചപ്പെട്ട സേവനം നാടിന് ലഭിക്കുന്നതിനും, ആശുപത്രിയുടെ സമഗ്ര വികസനം ഉറപ്പാക്കാനും കഴിയുമെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ സമ്മേളന കാലഘട്ടത്തിൽ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചർ, മോൻസ് ജോസഫ് എംഎൽഎ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ, ഹൗസിംഗ് ബോർഡ് ബോർഡ് പ്രിൻസിപ്പൽ സെക്രട്ടറി, വിവിധ എൻജിനീയർമാർ, വകുപ്പ് അധികൃതർ, പ്രാദേശിക ജനനേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഇപ്പോൾ പ്രായോഗികമായി തീർന്ന പുതുക്കിയ പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിക്കാൻ തീരുമാനിച്ചത്.
ഉഴവൂർ കെ ആർ നാരായണൻ ആശുപത്രിയിൽ കെട്ടിട നിർമാണം പൂർത്തീകരിക്കുകയും സ്പെഷ്യാലിറ്റി വിഭാഗം തുടങ്ങാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. മരങ്ങാട്ടുപിള്ളിയിൽ 5 കോടി രൂപയുടെ ആശുപത്രി കെട്ടിട നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ആർദ്രം പദ്ധതിയിലും, എംഎൽഎ ഫണ്ട് ഉപയോഗിച്ചും വിവിധ ആശുപത്രികളായ വെളിയന്നൂർ, കുറുപ്പന്തറ, കാട്ടാമ്പാക്ക്, അറുന്നൂറ്റിമംഗലം, കൂടല്ലൂർ, കാണക്കാരി, കടപ്ലാമറ്റം എന്നിവിടങ്ങളിൽ അടിയന്തിര പ്രാധാന്യമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടപ്പാക്കി വരുന്നതായി എംഎൽഎ അറിയിച്ചു.