17 June, 2020 08:07:22 PM


കോട്ടയം ജില്ലയില്‍ ഒരു കണ്ടെയ്ന്‍മെന്‍റ് സോണ്‍ മാത്രം; നിരീക്ഷണത്തില്‍ 7068 പേര്‍



കോട്ടയം: കോവിഡ് 19  സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ ഇനി ശേഷിക്കുന്നത് ഒരു കണ്ടെയ്ന്‍മെന്‍റ് സോണ്‍ മാത്രം. കോരുത്തോട് പഞ്ചായത്തിലെ നാലാം വാര്‍ഡാണിത്. ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മറ്റു മേഖലകളെ നിയന്ത്രണങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയത്. കണ്ടെയ്ന്‍മെന്‍റ് സോണിലുള്ളവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രംഗത്തുണ്ട്.


ജില്ലയില്‍ 59 പേരാണ് കോവിഡ് രോഗികളായി ചികിത്സയിലുളളത്. ഇന്ന് നാല് പോര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്ന് ക്വാറന്‍റയിന്‍ നിര്‍ദ്ദേശിച്ച 376 പേര്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍ 7068 പേരുണ്ട്. ഇന്ന് ഫലം വന്ന സാമ്പിളുകളില്‍ 96 എണ്ണവും നെഗറ്റീവ് ആയി. ഇന്ന് 191 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.


നിലവില്‍ ജില്ലയില്‍ 60 ക്വാറന്‍റയിന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ നടത്തിപ്പില്‍ പ്രധാന പങ്കു വഹിക്കുന്നതിനൊപ്പം താമസിക്കുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതും അതത് മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളുമാണ്. കോട്ടയം മുനിസിപ്പാലിറ്റിയിലും വിജയപുരം, ഭരണങ്ങാനം, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലുമാണ് ഏറ്റവും കൂടുതല്‍ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളുള്ളത്. ക്വാറന്‍റയിന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന നിരീക്ഷണത്തിനായി താലൂക്ക് അടിസ്ഥാനത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.


കോവിഡ് പ്രതിരോധത്തിന്‍റെ മൂന്നാം ഘട്ടത്തിലും കോട്ടയം ജില്ലാ ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇപ്പോഴും സജീവം. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തി ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുകയും ക്വാറന്‍റയിന്‍ നിരീക്ഷണം ഊര്‍ജ്ജിതമായി നടപ്പാക്കുകയും ചെയ്യുന്ന ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ബോധവത്കരണവും തുടര്‍ന്നുവരുന്നു. 


ലോക് ഡൗണ്‍ കാലത്ത് ഭക്ഷണലഭ്യത ഉറപ്പാക്കിയ കമ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പ്, അതിഥി തൊഴിലാളികളുടെയും അശരണരുടെയും കിടപ്പുരോഗികളുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, ഹോം ക്വാറന്‍റയിന്‍ നിരീക്ഷണം തുടങ്ങിയവ വിജയകരമായി നടപ്പാക്കിയ തദ്ദേശ സ്ഥാപന ഭരണസമിതി അംഗങ്ങളും ജീവനക്കാരും മൂന്നു മാസങ്ങള്‍ പിന്നിട്ടശേഷവും വിശ്രമമറിയാതെ സേവനം തുടരുകയാണ്. ആരോഗ്യ പ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും അങ്കണവാടി ജീവനക്കാരും ഇവര്‍ക്കൊപ്പം പങ്കുചേരുന്നു. 


നാട്ടിലേക്ക് മടങ്ങേണ്ടവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങള്‍ പ്രാദേശികമായി പരിശോധിച്ച് ഉറപ്പുവരുത്തുന്നതും തദ്ദേശഭരണ സ്ഥാപനങ്ങളാണ്. ഇവര്‍ക്ക് വീടുകളില്‍ ക്വാറന്‍റയിനില്‍ കഴിയുന്നതിന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സൗകര്യമുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുക. ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെടുന്നവര്‍ അത് കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വാര്‍ഡ്തല നിരീക്ഷണ സമിതികള്‍ ജാഗ്രത പുലര്‍ത്തുന്നു. പഞ്ചായത്തിലെ പൊതുവായ മേല്‍നോട്ടത്തിന് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിലുള്ള സമിതിയുമുണ്ട്. 


ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കകളും ആശയക്കുഴപ്പങ്ങളും പരിഹരിക്കുന്നതിനും ജാഗ്രത മറന്നവരെ ഓര്‍മിപ്പിക്കുന്നതിനുമാണ് ബോധവത്കരണത്തില്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ പറഞ്ഞു. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ക്വാറന്‍റയനില്‍ കഴിയുന്നവരോടുള്ള സൗഹൃദവും സൗഹാര്‍ദ്ദവും നിലനിര്‍ത്തണമെന്ന സന്ദേശമാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K