17 June, 2020 07:28:14 PM


ഏറ്റുമാനൂര്‍ ഹയർ സെക്കന്‍ഡറി സ്‌കൂൾ കെട്ടിടം നവീകരിച്ച് പ്രവർത്തനത്തിന് തുറന്നു കൊടുത്തു



ഏറ്റുമാനൂർ: ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ കെട്ടിടം നവീകരിച്ച് പ്രവത്തന സജ്ജമാക്കി പ്രവര്‍ത്തനത്തിന് തുറന്നു കൊടുത്തു. ക്ലാസ് മുറികളും വരാന്തയും സ്റ്റേർകേസും പൂർണ്ണമായി ടൈൽ പാകി വൃത്തിയാക്കി, തകർന്ന് കിടന്നിരുന്ന വാതിലുകളും ജനാലകളും നവീകരിച്ച് ബലപ്പെടുത്തി. ഏറ്റുമാനൂർ ടൗണിലെ ബോയ്സ് ഹൈസ്കൂൾ വളപ്പിലെ രണ്ട് നിലകളുള്ള പഴയ കെട്ടിടം ടോയിലറ്റ് സൗകര്യം കൂടി ഉൾപ്പെടുത്തി പെയിന്‍റ് ചെയ്ത മനോഹരമാക്കിയാണ് പ്രവർത്തനത്തിന് തുറന്നു കൊടുത്തത്.  ഏറ്റുമാനൂർ നഗരസഭ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടത്തിന്‍റെ നവീകരണം നടത്തിയത്.   


മുൻ വർഷങ്ങളിൽ സ്കൂളിനുവേണ്ടിഅനുവദിച്ച ഫണ്ട് ഉപയോഗിച്ച് കെട്ടിടത്തിന്‍റെ ചോർച്ച മാറ്റുന്നതിനായി ട്രസ്സ് വർക്ക് ചെയ്ത് മേൽക്കൂര സ്ഥാപിക്കുകയും പ്രിൻസിപ്പാളിനും സ്റ്റാഫിനും ഓഫീസ് മുറിയും കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂമും സജ്ജീകരിച്ചിരുന്നു. പൊളിഞ്ഞു കിടന്നിരുന്ന മതിൽ നിർമ്മിച്ച് ഗയിറ്റ് സ്ഥാപിക്കുന്നതിനും ആവശ്യമായ ഫർണിച്ചർ, ഉച്ചഭാഷണി, കമ്പൂട്ടറുകൾ, പ്രിന്‍റർ എന്നിവ വാങ്ങുന്നതിനും നഗരസഭ ഫണ്ട് അനുവദിച്ചിരുന്നു. 


നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പാൾ രാധാമണി ഇ ആര്‍, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ പി.എ. നവനീത, ബോയ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ക്ലമന്‍റ് മാത്യൂ എന്നിവർ പ്രസംഗിച്ചു.ഹൈസ്കൂൾ പ്രവർത്തിക്കുന്ന പഴയ കെട്ടിടം നവീകരിക്കുന്നതിനായി 2020-21 വർഷത്തെ പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടന്നും നഗരസഭ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഗണേഷ് ഏറ്റുമാനൂർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K