17 June, 2020 03:26:38 PM
കുറുപ്പന്തറയിൽ വൻ കഞ്ചാവ് വേട്ട: പിടിച്ചെടുത്തത് 6 കോടി രൂപയുടെ ചരക്ക്
കോട്ടയം: കുറുപ്പന്തറയില്‍ അർദ്ധരാത്രിയിൽ വൻ കഞ്ചാവ് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടു വന്ന അറുപത് കിലോ കഞ്ചാവുമായി രണ്ടു പേരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്‌ക്വാഡും കടുത്തുരുത്തി പൊലീസും ചേർന്നു പിടികൂടിയത്. നാഷണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പൊലീസ് സംഘം പിടികൂടിയത്. സംഭവത്തില്‍ പേരൂർ ആലഞ്ചേരി തെള്ളകം കളപ്പുരയ്ക്കൽ വീട്ടിൽ ജോസ് (40), തലയാഴം തോട്ടകം തലപ്പുള്ളിൽ ഗോപു (27) എന്നിവരെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കുറുപ്പന്തറ മാർക്കറ്റിനു സമീപത്തു വച്ച് ലോറിയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. ആന്ധ്രയിൽ നിന്നും ആർപ്പൂക്കരയിലെ ഗുണ്ടാ സംഘങ്ങൾക്കു വൻ തോതിൽ കഞ്ചാവ് എത്തുന്നതായി വൈക്കം ഡിവൈ.എസ്.പി സനിൽകുമാറിനു ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ദിവസങ്ങളായി കടുത്തുരുത്തി പൊലീസിന്‍റെ നേതൃത്വത്തിൽ പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ആന്ധ്രയിലേയ്ക്കു പൈനാപ്പിളുമായി പോയ ശേഷം മടങ്ങിയെത്തിയ നാഷണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്.
തുടര്‍ന്ന് കുറുപ്പന്തറ മാര്‍ക്കറ്റില്‍ എത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് വിപണിയില്‍ ആറ് കോടി രൂപ വിലവരുന്ന കഞ്ചാവ് നാഷണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ നിന്നും പിടിച്ചെടുത്തത്. രണ്ടു കിലോ വീതമുള്ള മുപ്പത് പാഴ്‌സലുകളിലായാണ് കഞ്ചാവ് എത്തിച്ചിരുന്നത്. ആന്ധ്രയിൽ നിന്നുള്ള മലയാളി യുവാക്കളാണ് കഞ്ചാവ് കേരളത്തിലേയ്ക്കു കടത്തിക്കൊണ്ടു വന്നിരിക്കുന്നത്. അതിരമ്പുഴ, ആർപ്പൂക്കര പ്രദേശങ്ങളിലെ ഗുണ്ടകൾക്കായി എത്തിച്ചതാണ് കഞ്ചാവ് എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഈ പ്രതികൾക്കായി പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടുത്തുരുത്തി സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സി.എസ് ബിനു, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്.ഐ വിജയപ്രസാദ്, എ.എസ്.ഐ സിനോയ്, സിവിൽ പൊലീസ് ഓഫിസർ അനീഷ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. ലോറിയിലെ ജീവനക്കാരായ രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആന്ധ്രയില്‍നിന്നും വന്‍തോതിലാണ് കേരളത്തിലേക്ക് ജില്ലയിലേക്ക് കഞ്ചാവ് ഒഴുകുന്നത്. ആഴ്ചകള്‍ക്കുമുമ്പ് ഏറ്റുമാനൂരില്‍ 65 കിലോ കഞ്ചാവ് ഇതുപോലെ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ നിന്നും എക്സൈസ് സംഘം പിടികൂടിയിരുന്നു. കോട്ടയത്ത് ആര്‍പ്പൂക്കര, അതിരമ്പുഴ, ഏറ്റുമാനൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളാണ് കഞ്ചാവ് വിപണനത്തിനും പിന്നിലെന്ന് പോലീസ് - എക്സൈസ് അധികൃതര്‍ പറയുന്നു. 5 ഗ്രാം അടങ്ങിയ ചെറുപൊതികള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മറ്റുമായി ഇവര്‍ വിറ്റഴിക്കുന്നത് 500 രൂപയ്ക്കാണ്. ലോക്ഡൌണില്‍ മദ്യത്തിനും കഞ്ചാവിനും ക്ഷാമം അനുഭവപ്പെട്ടതോടെ ഒരു പൊതിയുടെ വില 5000 രൂപയ്ക്ക് മേല്‍ വരെയെത്തിയിരുന്നുവെന്ന് ഒരു എക്സൈസ് ഉദ്യോഗസ്ഥന്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു.