16 June, 2020 09:30:34 AM
യുവതിക്ക് കോവിഡ്: ഏറ്റുമാനൂർ ആശുപത്രിയിലെ ഡോക്ടർ ക്വാറന്റയിനിൽ
ഏറ്റുമാനൂർ: പേരൂരിൽ സുഹൃത്തിന്റെ വീട്ടിൽ ഗൃഹ നിരീക്ഷണത്തിലായിരുന്ന യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ സ്വയം ക്വാറന്റയിനിൽ പ്രവേശിച്ചു. ഗർഭിണിയായ യുവതി ക്വാറന്റയിൻ പൂർത്തീകരിച്ചതിനുള്ള സർട്ടിഫിക്കറ്റ് നൽകിയത് ഏറ്റുമാനൂർ ആശുപത്രിയിലെ എ എം ഓ ആയ ഡോ.സജിത്കുമാർ ആണ്.
കഴിഞ്ഞ 11ന് ഏറ്റുമാനൂർ ആശുപത്രിയിൽ യുവതിയുടെ രക്തം എടുത്ത് നടത്തിയ ആന്റിബോഡി പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇവർക്ക് രോഗലക്ഷണങ്ങളും ഇല്ലായിരുന്നു. സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം ഇന്നലെ യുവതി തിരുവല്ലയിലെ വീട്ടിലേക്ക് പോയി. അതിനു ശേഷമാണ് കോവിഡ് സ്ഥിരീകരിച്ച് സ്രവപരിശോധനാഫലം ലഭിച്ചത്. ഇതോടെയാണ് സ്വയം ക്വാറന്റയിനിൽ പ്രവേശിക്കാൻ ഡോക്ടർ തീരുമാനിച്ചത്.
യുവതി ക്വാറന്റയിനിൽ കഴിഞ്ഞ പേരുരിലെ സുഹൃത്തിന്റെ കുടുംബാംഗങ്ങളുടെ സ്രവം ഇന്ന് പരിശോധനക്ക് എടുക്കും. ഇതിന്റെ ഫലം അറിയും വരെ താൻ ഹോം ക്വാറന്റയിനിൽ തുടരുമെന്ന് ഡോക്ടർ പറഞ്ഞു.