15 June, 2020 06:41:48 PM


ഏറ്റുമാനൂര്‍ പേരൂരില്‍ 14 ദിവസം ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയ ഗര്‍ഭിണിക്ക് 17-ാം ദിനം കോവിഡ്



ഏറ്റുമാനൂര്‍: കോവിഡ് പ്രതിരോധത്തിന് പതിനാല് ദിവസം ക്വാറന്‍റയിന്‍ എന്ന സര്‍ക്കാര്‍ കണക്ക് വീണ്ടും പാളുന്നു. രക്തപരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയ ഗര്‍ഭിണിക്ക് ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങികഴിഞ്ഞപ്പോള്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവര്‍ ഗൃഹനിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിന്‍റെ വീട്ടുകാര്‍ വീണ്ടും ക്വാറന്‍റയിനില്‍ പ്രവേശിക്കേണ്ടിവന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ  ബന്ധുക്കളും ആശങ്കയിലാണ്. ഏറ്റുമാനൂര്‍ പേരൂരിലാണ് സംഭവം.


തിരുവല്ല സ്വദേശിനിയായ മുപ്പതുകാരി കഴിഞ്ഞ 28നാണ് ദില്ലിയില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടില്‍ മാതാപിതാക്കള്‍ പ്രായമായവരും സുഖമില്ലാത്തവരുമായതിനാല്‍ ഒപ്പമെത്തിയ സുഹൃത്തിന്‍റെ പേരൂര്‍ അമ്പനാട്ട് ഭാഗത്തുള്ള വീട്ടില്‍  ക്വാറന്‍റയിനില്‍ പ്രവേശിക്കുകയായിരുന്നു. ജൂണ്‍ 12ന് ക്വാറന്‍റയിന്‍ അവസാനിക്കുംമുമ്പ് 11ന് കോട്ടയം ജില്ലാ ആശുപത്രിയിലെത്തി ഇരുവരുടെയും സ്രവം പരിശോധനയ്ക്ക് നല്‍കി. പിന്നാലെ ഏറ്റുമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ രക്തം എടുത്ത് ആന്‍റിബോഡി ടെസ്റ്റിനും അയച്ചു.  രക്തപരിശോധന നെഗറ്റീവ് ആയി. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയതിന് സര്‍ട്ടിഫിക്കറ്റും വാങ്ങി.


സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ പേരൂരിലെ സുഹൃത്തിന്‍റെ വീട്ടുകാരും അയല്‍വാസികളുമായി യുവതി സമ്പര്‍ക്കം പുലര്‍ത്തിയതായും പറയപ്പെടുന്നു. കോവിഡ് ഇല്ലെന്ന വിശ്വാസത്തില്‍ തിങ്കളാഴ്ച ഇവരെ തിരുവല്ലയിലെ വീട്ടില്‍ കൊണ്ടുചെന്നാക്കി. ഇതിനുശേഷമാണ് സ്രവപരിശോധനയില്‍ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കുന്നത്. ഇതോടെ ആകെ അങ്കലാപ്പിലായിരിക്കുകയാണ് സുഹൃത്തിന്‍റെ വീട്ടുകാരും അയല്‍വാസികളും.


അതേസമയം, ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ തെള്ളകത്തെ കേന്ദ്രത്തില്‍ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മസ്കത്തില്‍നിന്നും ജൂണ്‍ അഞ്ചിന് എത്തിയ  കറുകച്ചാല്‍ ശാന്തിപുരം സ്വദേശി (45), ദുബായില്‍നിന്നും ജൂണ്‍ നാലിന് എത്തിയ ചങ്ങനാശേരി സ്വദേശി (24) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. 14 ദിവസം ഹോം ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ യുവാവിന്‍റെ മരണവും ഏറ്റുമാനൂര്‍ നിവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10.3K