14 June, 2020 06:24:32 PM


കോട്ടയത്ത് ഇന്ന് മൂന്നു പേര്‍ക്ക് കോവിഡ്; രണ്ടു പേര്‍ക്ക് രോഗമുക്തി



കോട്ടയം: ജില്ലയില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ക്ക്  രോഗം ഭേദമായി. മെയ് 18ന് അബുദാബിയില്‍നിന്നെത്തിയ കോട്ടയം തെക്കേത്തുകവല സ്വദേശിനി(54),  മെയ് 26ന് കുവൈറ്റില്‍നിന്നെത്തിയ അതിരമ്പുഴ സ്വദേശിനി(40) എന്നിവരാണ് രോഗമുക്തരായതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയത്.


ഇന്നലെ(ജൂണ്‍ 14) ലഭിച്ച 119 പരിശോധനാഫലങ്ങളില്‍ മൂന്നെണ്ണം പോസിറ്റീവും 116 എണ്ണം നെഗറ്റീവുമാണ്.  വിദേശത്തുനിന്നെത്തി എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി(58), ജൂണ്‍ നാലിന് ചെന്നെയില്‍നിന്നെത്തിയ മുണ്ടക്കയം സ്വദേശി(23),  മെയ് 29ന് മുംബൈയില്‍നിന്നെത്തിയ ടിവിപുരം സ്വദേശി(33) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. മുണ്ടക്കയം സ്വദേശിയും ടിവിപുരം സ്വദേശിയും ഹോം ക്വാറന്റയിനിലായിരുന്നു. 


മെയ് 30ന് അബുദാബിയില്‍നിന്നെത്തിയ ചീരഞ്ചിറ സ്വദേശി ഏഴു ദിവസം എറണാകുളത്ത് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ താമസിച്ച ശേഷം എറണാകുളം ജില്ലയില്‍തന്നെ ഒരു വീട്ടില്‍ പൊതു സമ്പര്‍ക്കം ഒഴിവാക്കി കഴിയുകയായിരുന്നു. വിമാനത്തില്‍ സഹയാത്രികരായിരുന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായത്. ഇദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശി ഇതേ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവര്‍ ഉള്‍പ്പെടെ കോട്ടയം ജില്ലക്കാരായ 46 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 46 പേര്‍ രോഗമുക്തി നേടി. ഇന്നലെ(ജൂണ്‍14) 190 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K