12 June, 2020 07:47:19 PM
'ക്ലീന്‍ കോട്ടയം ഗ്രീന്‍ കോട്ടയം': 10 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
കോട്ടയം: 'ക്ലീന്‍ കോട്ടയം ഗ്രീന്‍ കോട്ടയം' പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ 10 കോടി രൂപയുടെ
പദ്ധതികള്‍ക്ക് ജില്ലാ ശുചിത്വ സമിതി അംഗീകാരം നല്‍കി. ജില്ലയിലെ എല്ലാ വീടുകളിലും ഏതെങ്കിലും ഒരു ജൈവമാലിന്യ സംസ്ക്കരണ സംവിധാനം ഉറപ്പാക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അംഗീകരിച്ചത്.
ശുചിത്വ മിഷന്‍റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകളില്‍ വിവിധതരം കമ്പോസ്റ്റ് സംവിധാനങ്ങളും എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫുകളും സ്ഥാപിക്കും. മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിന്‍റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് നടപ്പാക്കുന്ന കളക്ടേഴ്സ് അറ്റ് സ്കൂള്‍ പദ്ധതി ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ചു സെന്‍റിന് മുകളില്‍ ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ കമ്പോസ്റ്റ് പിറ്റുകള്‍ സ്ഥാപിച്ചു നല്‍കാനും അർഹരായ കുടുംബങ്ങള്‍ക്ക് ശുചിത്വ മിഷന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും ഫണ്ട് ഉപയോഗിച്ച് പുതിയ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ വഴി അപേക്ഷ ക്ഷണിക്കുവാനും തീരുമാനമെടുത്തു. പൊതു ജലാശയങ്ങളിലേക്കും നീര്‍ച്ചാലുകളിലേക്കും ഓടകളിലേക്കും തുറന്നുവച്ച മാലിന്യക്കുഴലുകള്‍ ജൂണ്‍ 30നകം നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കും.
മഴക്കാലപൂര്‍വ്വ ശുചീകരണവും നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ വിപണനവും ഉപയോഗവും കര്‍ശനമായി നിയന്ത്രിക്കുന്നതിനുള്ള നടപടികളും ഊര്‍ജ്ജിതമാക്കും. കോവിഡ് 19 പ്രതിരോധ ബോധവല്‍ക്കരണത്തിന് ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമുള്ള കാലവര്‍ഷ മുന്‍കരുതലുകള്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
ബസ് സ്റ്റാന്‍റുകള്‍, റയില്‍വേ സ്റ്റേഷനുകള്‍, പെട്രോള്‍ പമ്പുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള ബോധവല്‍ക്കരണ ലഘുലേഖ യോഗത്തില്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍ , ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.രമേശ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.