12 June, 2020 02:36:15 PM
രാത്രിയില്‍ പിരിവിന് ഇറങ്ങി; വനിതാ റവന്യു ഇന്‍സ്പെക്ടറെ തടഞ്ഞ് മത്സ്യവ്യാപാരികള്‍
ഏറ്റുമാനൂര്‍: നഗരസഭയുടെ കീഴിലുള്ള മത്സ്യമാര്‍ക്കറ്റില്‍ പാര്‍ക്കിംഗ് ഫീസ് പിരിവിനിറങ്ങിയ വനിതാ റവന്യു ഇന്‍സ്പെക്ടറെ മത്സ്യവ്യാപാരികള്‍ വളഞ്ഞു. ഇതോടെ പിരിവ് അവസാനിപ്പിച്ച് ഉദ്യോഗസ്ഥയ്ക്ക് മടങ്ങേണ്ടിവന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലായിരുന്നു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. നഗരസഭാ സെക്രട്ടറി ഉത്തരവിട്ടതനുസരിച്ചാണ് റവന്യു ഇന്‍സ്പെക്ടര്‍ സിന്ധു പുലര്‍ച്ചെ രണ്ട് മണിയോടെ മാര്‍ക്കറ്റില്‍ എത്തിയത്. ഒപ്പം നഗരസഭയുടെ സെക്യൂരിറ്റി ജീവനക്കാരനും ഉണ്ടായിരുന്നു.
ഇത്തരമൊരു നീക്കം ചരിത്രത്തില്‍ ആദ്യമാണെന്ന് ചൂണ്ടികാട്ടിയ മത്സ്യവ്യാപാരികള്‍ പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ സമ്മതിച്ചില്ല. അഞ്ച് ചെറിയ വാഹനങ്ങളില്‍ നിന്ന് അമ്പത് രൂപാ പ്രകാരം ആകെ 250 രൂപാ പിരിച്ചെടുത്തപ്പോഴേക്കുമാണ് വ്യാപാരികള്‍ ഉദ്യോഗസ്ഥയെ വളഞ്ഞത്. ഇതുവരെയില്ലാത്ത പരിഷ്കാരം നടപ്പിലാക്കുമ്പോള്‍ തങ്ങളെ മുന്‍കൂട്ടി അറിയിക്കണമെന്ന വാദമായിരുന്നു വ്യാപാരികളുടേത്.
ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോഴാണ് ആധുനിക മത്സ്യമാര്‍ക്കറ്റ് ഇവിടെ പണിയുന്നത്. നാലര വര്‍ഷം മുമ്പ് നഗരസഭയായതിനുശേഷവും ഇവിടെ പാര്‍ക്കിംഗ് ഫീസ് പ്രത്യേകം പിരിച്ചിരുന്നില്ല. മാര്‍ക്കറ്റില്‍ സ്റ്റാളുകള്‍ ലേലം ചെയ്യുന്നതോടൊപ്പം പാര്‍ക്കിംഗിനുള്ള തുകയും വകയിരുത്തുകയായിരുന്നുവത്രേ. എന്നാല്‍ 2019 - 20 വര്‍ഷം മുതല്‍ ലേലം നടന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷവും പഴയ ലേലതുകയില്‍ നിന്ന് അഞ്ച് ശതമാനം കൂട്ടി നടത്തിപ്പ് ചുമതല വ്യാപാരികള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. എന്നാല്‍ മാര്‍ക്കറ്റില്‍ വന്നുപോകുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ സാമ്പത്തികവര്‍ഷവും പാര്‍ക്കിംഗ് ഫീസ് പ്രത്യേകം പിരിക്കാന്‍ നീക്കം നടന്നിരുന്നു. ഒന്നോ രണ്ടോ ദിവസം സെക്യൂരിറ്റി ജീവനക്കാരന്‍ അതിന് ശ്രമം നടത്തയെന്നല്ലാതെ പിന്നീട് നടപടികള്‍ ഒന്നുമുണ്ടായില്ല. സ്വകാര്യ ബസ് സ്റ്റാന്‍റ്, ചില്ലറ - മൊത്ത മത്സ്യമാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ പാര്‍ക്കിംഗ് ഫീസ് കൃത്യമായി പിരിക്കാത്തതിനാല്‍ നഗരസഭയ്ക്ക് ഭീമമായ നഷ്ടം സംഭവിക്കുന്നുവെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. നികുതിപിരിവും കൃത്യമായി നടപ്പിലാക്കാനാവാതെ വന്നതോടെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ് നഗരസഭ ഇപ്പോള്‍. ഈ സാഹചര്യത്തിലാണ് പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ റവന്യു ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തി സെക്രട്ടറി ഉത്തരവിട്ടത്.
200ഓളം വണ്ടികളാണ് ഒരു ദിവസം മാര്‍ക്കറ്റില്‍ വന്നുപോകുന്നത്. വലിയ വണ്ടികള്‍ക്ക് 200 രൂപയും ചെറിയ വാഹനങ്ങള്‍ക്ക് 50 രൂപയുമാണ് പാര്‍ക്കിംഗ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. റവന്യു ഇന്‍സ്പെക്ടറെ പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ ചുമതലപ്പെടുത്തികൊണ്ടുള്ള സെക്രട്ടറിയുടെ ഉത്തരവില്‍ പിരിവിനായി മറ്റ് ക്രമീകരണങ്ങള്‍ ചെയ്യാന്‍ പറഞ്ഞിട്ടില്ലത്രേ. പാര്‍ക്കിംഗ് ഫീസ് പിരിവ് കരാര്‍ ഏല്‍പ്പിക്കാനോ, പിരിവിനായി മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കാനോ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ലാത്തതിനെതുടര്‍ന്നാണ് താന്‍ നേരിട്ട് പിരിവിന് ഇറങ്ങിയതെന്ന് റവന്യു ഇന്‍സ്പെക്ടര്‍ സിന്ധു പറഞ്ഞു.
അതേസമയം, രാത്രികാലങ്ങളില്‍ കൗണ്‍സിലര്‍മാരുടെയോ മറ്റ് ജീവനക്കാരുടെയോ സഹകരണമില്ലാതെ ഒരു വനിതാ ഉദ്യോഗസ്ഥയെ പണപിരിവിന് ചുമതലപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേഷ് ഏറ്റുമാനൂര്‍ പ്രതികരിച്ചു.