10 June, 2020 07:06:55 PM
സമ്പൂർണ്ണ ഓൺലൈൻ ക്ലാസ്: ഏറ്റുമാനൂര്‍ നഗരസഭയിലെ ആദ്യകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി
ഏറ്റുമാനൂർ: നഗരപരിധിയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് ഓൺലൈൻ ക്ലാസ്സുകൾ ലഭ്യമാക്കുവാൻ തടസ്സമുള്ള വിദ്യാർത്ഥികൾക്കായി നഗരസഭ തയ്യാറാക്കുന്ന സെന്‍ററുകളുടെ പ്രവര്‍ത്തനം തുടങ്ങി. വെട്ടിമുകൾ ഹോളിക്രോസ് നേഴ്സറി സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ ഗണേഷ് എറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.
നഗരപരിധിയിലെ 4, 5, 6, 7, 8 വാർഡുകളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന സെന്‍റര്‍ ആണിത്. മറ്റ് സെന്‍ററുകൾ പുന്നത്തുറ വൈ എം.എ ലൈബ്രറി, പാറേക്കടവ് വായനശാല, ചെറുവാണ്ടൂർ എം.ച്ച്.എസ്.സി കമ്മ്യൂണിറ്റി സെന്‍റർ, കുഴിപ്പറമ്പ് സാംസ്കാരിക നിലയം, പേരൂർ നെഹ്റു മെമ്മോറിയൽ ഹാൾ എന്നിവിടങ്ങളിൽ അതത് വാർഡ് കൗൺസിലറന്മാരുടെയും സ്കൂൾ പ്രധാന അദ്ധ്യാപകരുടെയും സഹകരണത്തോടു കൂടി ആരംഭിക്കും.
ഓൺലൈൻ ക്ലാസ് ലഭ്യമാകുന്നതിൽ തടസ്സം നേരിടുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വാർഡ് കൗൺസിലര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. കൗൺസിലര്‍മാരുടെ നിർദ്ദേശമനുസരിച്ചാവും പുതിയ സെന്‍ററുകൾ ആരംഭിക്കുക. യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സൺ സൂസൻ തോമസ്, കൗൺസിലര്‍മാരായ റോസമ്മ സിബി, മാത്യു വാക്കത്തുമാലി, വാസന്തി വി.എൻ, മോളി ജോസ്, സെന്‍റ് പോൾസ് സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ബേർലി, സ്കൂൾ മാനേജർ സിസ്റ്റർ അനീറ്റ, അദ്ധ്യാപികമാരായ വത്സമ്മ, സിസ്റ്റർ മേഴ്സി, പി.റ്റി എ പ്രസിഡന്‍റ് മാത്യു എന്നിവർ പ്രസംഗിച്ചു.