10 June, 2020 05:09:52 PM
ആത്മഹത്യചെയ്ത രാജുവിന്‍റെ കുടുംബത്തിനായി മുഖ്യമന്ത്രിക്ക് എംഎൽഎയുടെ നിവേദനം
ജനകീയ സഹകരണത്തോടെ കുടുംബ സഹായ നിധി രൂപീകരിക്കും - മോൻസ് ജോസഫ് എംഎൽഎ
കടുത്തുരുത്തി: ലോക് ഡൗൺ കാലഘട്ടത്തിൽ നേരിടേണ്ടി വന്ന ജീവിത പ്രതിസന്ധികളുടെയും, സാമ്പത്തിക പ്രയാസത്തിന്റെയും പേരിൽ ജീവനൊടുക്കിയ കടുത്തുരുത്തി വെള്ളാശ്ശേരി കാശാംകാട്ടിൽ രാജു ദേവസ്യായുടെ നിർദ്ധന കുടുംബത്തെ സഹായിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഡ്വ മോൻസ് ജോസഫ് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു. മുഖ്യമന്ത്രിക്ക് കൊടുക്കാനെന്ന ആഗ്രഹത്തിൽ രാജു എഴുതിയ കത്തിൽ ചൂണ്ടിക്കാണിക്കുന്ന പ്രയാസങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്‍റെ കോപ്പി സഹിതമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എംഎൽഎ നേരിട്ടെത്തി ഇന്ന് നിവേദനം നൽകിയത്.
സ്വന്തമായി വീട് വയ്ക്കാൻ കഴിയാത്ത പ്രയാസങ്ങളും, മാസങ്ങളായി വീട്ട് വാടക കൊടുക്കാൻ കഴിയാത്ത സാഹചര്യവും, കുടുംബാംഗങ്ങൾക്ക് സമീപ ദിവസങ്ങളിൽ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ വേണ്ടി വന്നതും, മക്കളുടെ ഓൺലൈൻ പഠനവും യൂണിഫോം, നോട്ട് ബുക്കുകൾ ഉൾപ്പെടെയുള്ള ആവശ്യങ്ങളും നിവവേറ്റാൻ കഷ്ടപ്പെടുന്നതും, ജോലി ഇല്ലാതായതും അടക്കമുള്ള രാജുവിന്‍റെ ജീവിത സാഹചര്യങ്ങൾ സർക്കാർ മാനുഷിക പരിഗണനയോടെ കണക്കിലെടുക്കണമെന്ന് മോൻസ് ജോസഫ് അഭ്യർത്ഥിച്ചു.
രാജുവിന്‍റെ അമ്മ വർഷങ്ങളായി തളർന്ന് കിടക്കുന്നതും, സഹോദരങ്ങൾക്ക് പ്രത്യേക വരുമാനം ഒന്നും ഇല്ലാത്തതും ഈ കുടുംബത്തിന്റെ പ്രതിസന്ധി പതിന്മടങ്ങായി വർദ്ധിപ്പിക്കുന്നതാണ്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് രാജുവിന്റെ കുടുംബത്തെ സഹായിക്കാനും, മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാനും വേണ്ടി കുടുംബ സഹായ നിധി സ്വരൂപിക്കാൻ നേതൃത്വം നൽകുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. രാജുവിന്റെ മക്കളുടെ പഠന ആവശ്യങ്ങൾ സംരക്ഷിക്കാൻ എല്ലാവിധ സഹായവും ഉറപ്പു വരുത്തുന്നതാണ്.
രാജുവിന്‍റെ വീട് നിർമ്മാണം ഗ്രാമ പഞ്ചായത്തിന്‍റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉടനെ നടപ്പാക്കാനായി പഞ്ചായത്ത് പ്രസിഡന്‍റ് പി വി സുനിൽ, വൈസ് പ്രസിഡന്‍റ് സിനി ആൽബർട്ട് എന്നിവരുമായി സംസാരിച്ചു. വിവിധ പ്രവാസി സംഘടനകൾ, കടുത്തുരുത്തി താഴത്തു പള്ളി, വിവിധ രാഷ്ട്രീയ - സന്നദ്ധ സംഘടനകൾ, കടുത്തുരുത്തിയിലെ നാട്ടുകാർ എന്നിവരെല്ലാം വീട് നിർമ്മിക്കുന്നതിൽ സഹകരിക്കാമെന്ന് അറിയിച്ചതായി മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ജൂൺ 14 ന് 3 മണിക്ക് പൗര യോഗം വിളിച്ചിട്ടുണ്ട്.