09 June, 2020 04:17:44 PM


നാട്ടുകാര്‍ കാരുണ്യം ചൊരിഞ്ഞു: ശ്രീധരന് കിടപ്പാടമായി; മാതൃകയായി കടപ്പൂര് ഗ്രാമം



കുറവിലങ്ങാട് : കാണക്കാരി പഞ്ചായത്തിലെ കടപ്പൂര്  ഗ്രാമത്തിൽ ടർപ്പോളിൻ വലിച്ചു കെട്ടിയ ചെറിയ കൂരയിൽ ദീർഘ കാലമായി കഴിഞ്ഞു വന്നിരുന്ന ചൊറിക്കാവിൽ ശ്രീധരൻ ആചാരിക്കും, സഹ ധർമ്മിണി ദേവകിയ്ക്കും, കുടുംബാംഗങ്ങൾക്കും ഇനി മുതൽ സ്വന്തം ഭവനത്തിൽ താമസിക്കാനുളള ഭാഗ്യമാണ് നാട്ടുകാർ ഒരുക്കിക്കൊടുത്തിരിക്കുന്നത്. 


നാട്ടുകാർ സംഭാവന നൽകിയ 4 ലക്ഷം രൂപയും, സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിയിൽ അനുവദിച്ച 4 ലക്ഷം രൂപയും ചേർത്ത് യുവ ജനങ്ങളുടെ തൊഴിൽ ദാന പ്രവർത്തനങ്ങളും, അയൽ വാസികളുടെ ശ്രമദാനവും ഉൾപ്പെടുത്തി 8 ലക്ഷം രൂപയുടെ വീടാണ് പൂർത്തീകരിച്ചിരിക്കുന്നത്. കടപ്പൂര് വാർഡ് മെമ്പർ ദിവാകരൻ കാപ്പിലോരത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വച്ച് അഡ്വ മോൻസ് ജോസഫ് എംഎൽഎ വീടിന്റെ താക്കോൽ ദാന കർമ്മം നിർവ്വഹിച്ചു.


2015ൽ നടന്ന കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് ഭവനസന്ദർശനം നടത്തുന്നതിനിടയിലാണ് കടപ്പൂര് വാർഡിൽ സ്ഥാനാർത്ഥിയായിരുന്ന ദിവാകരൻ കാപ്പിലോരം   ചോർന്നൊലിക്കുന്ന വീട് കാണാൻ ഇടയായത്. ഇതേ തുടർന്ന് ജനകീയ കമ്മറ്റി രൂപീകരിച്ച്  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്വന്തമായി സ്ഥലമില്ലാത്ത ശ്രീധരൻ പണിക്കന്റെ കുടുംബത്തിന് നാല് സെന്റ് സ്ഥലം സൗജന്യമായി നൽകിക്കൊണ്ട് ആദ്യത്തെ സഹായത്തിന് മുന്നോട്ടുവന്നത് കടപ്പൂര്  ശങ്കര വിലാസത്തിൽ ശ്യാമള കുമാരി അമ്മയെന്ന അയൽവാസിയാണ്. സൗജന്യമായി വീടിന് സ്ഥലം കൊടുത്തതോടൊപ്പം മറ്റ് സഹായങ്ങളും നൽകിയത് വീട് നിർമ്മിക്കാൻ വലിയ അനുഗ്രഹമായി തീർന്നു. 


തുടർന്ന് നിരവധി വ്യക്തികളും നാട്ടുകാരും അയൽവാസികളും സാധ്യമായ സഹായം എത്തിച്ചു. പഞ്ചായത്ത് മെമ്പർ ദിവാകരൻ കാപ്പിലോരം, നിർമ്മാണ കമ്മറ്റി ചെയർമാൻ എൻ അരവിന്ദൻ ആയാംകുടിയിൽ, കൺവീനർ എസ് ശശികുമാർ ഇടപ്പനത്ത്, സാമൂഹ്യ പ്രവർത്തകയായ സുനിത ചൊറിക്കാവിൽ, കമ്മറ്റി അംഗങ്ങളായ എൻ കെ മോഹനൻ, പി ഡി ജോർജ് പൗവ്വത്തിനാൽ, മനോജ് കൃഷ്ണൻ നായർ, ബിജു ഡി മോഹൻ, തുളസി രവികുമാർ, ടി എസ് രാജു, എ പി അനിൽ കുമാർ, എന്നിവരുടെ നേതൃത്വത്തിൽ നാട്ടിലെ ജനകീയ കൂട്ടായ്മ നടത്തിയ പരിശ്രമമാണ് വീട് യാഥാർത്ഥ്യമാക്കി കൊടുക്കുന്നതിന് സാഹചര്യം ഉണ്ടാക്കിയത്.


കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിനോയി ചെറിയാൻ, മുൻ പ്രസിഡന്റ ചെറിയാൻ മാത്യു, മെമ്പർമാരായ ജെയിൽ ഞാറക്കാട്ടിൽ, ബിനു വാസുദേവൻ, അനിതാ ജയമോഹൻ, പഞ്ചായത്ത് സെക്രട്ടറി ബെന്നി ജേക്കബ് തുടങ്ങിയവർ താക്കോൽ ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു. വീടിന് സ്ഥലം സൗജന്യമായി നൽകിയ ശ്യാമള കുമാരിയമ്മയെ  അഡ്വ മോൻസ് ജോസഫ് എംഎൽഎ പൊന്നാട അണിയിച്ച്  ആദരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K