08 June, 2020 04:21:14 PM
കോവിഡ് പ്രതിരോധം: പ്രാദേശികതലത്തിൽ കര്‍ശന ജാഗ്രത തുടരണം - ആരോഗ്യ മന്ത്രി
പാലാ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രാദേശികതലത്തിലുള്ള വാര്‍ഡ് തല സമിതികള്‍ കര്‍ശന ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശിച്ചു. പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍മാണോദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മുത്തോലി, മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം, കടനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്‍റെ നിര്‍മാണേദ്ഘാടനം, മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി. ബ്ലോക്കിന്‍റെ ശിലാസ്ഥാപനം എന്നിവയാണ് മന്ത്രി നിര്‍വഹിച്ചത്.
ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള അതിജീവനപ്പോരാട്ടത്തിന്‍റെ നാളുകളാണ് നമുക്കു മുന്നിലുള്ളത്. വിദേശ രാജ്യങ്ങളില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശനമായ മുന്‍കരുതല്‍ വേണ്ടതുണ്ട്. വിദേശത്തുനിന്നെത്തുന്നവരില്‍നിന്നും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ താരതമ്യേന വളരെ കുറവാണ്.
രോഗബാധിതരുടെ എണ്ണം ഇനിയും ഉയരും. അതില്‍ ആശങ്ക വേണ്ട. സമ്പര്‍ക്കം മുഖേന രോഗം ഉണ്ടാകുന്നത് ഫലപ്രദമായി തടയുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളും പ്രാദേശിക
സംവിധാനങ്ങളും ഇടപെടണം. പൊതുസമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ കഴിയാന്‍ നിവൃത്തിയില്ലാത്തവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റയിനിലേക്ക് മാറ്റണം. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റയിന്‍ സംവിധാനങ്ങള്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. പ്രാദേശിക തലത്തില്‍ കോവിഡ് ബോധവത്കരണവും ഊര്‍ജ്ജിതമായി തുടരണം-മന്ത്രി നിര്‍ദേശിച്ചു.
മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയ രണ്ട് ബ്ലോക്കുകളുടെയും സബ് സെന്‍റര്‍ കെട്ടിടത്തിന്‍റെയും വിവിധ വികസന പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനമാണ് നടന്നത്. അന്തരിച്ച എം.എല്‍.എ കെ.എം. മാണിയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരു കോടി ചിലവിട്ടാണ് ഒരു ബ്ലോക്കിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആര്‍ദ്രം മിഷനില്‍നിന്നുള്ള 14 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്‍റെ 19 ലക്ഷം രൂപയും രണ്ടാമത്തെ ബ്ലോക്കിന്‍റെ നിര്‍മാണത്തിനായി വിനിയോഗിച്ചു. പത്തു ലക്ഷം രൂപ ചിലവഴിച്ച് ഗ്രാമപഞ്ചായത്താണ് സബ് സെന്‍റര്‍ കെട്ടിടം ഒരുക്കിയത്. മാണി സി. കാപ്പന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 17 ലക്ഷം രൂപ ഇവിടുത്തെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 ലക്ഷം രൂപ ചിലവിട്ടാണ് മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇതില്‍ 14 ലക്ഷം രൂപ ആരോഗ്യ കേരളത്തിന്‍റെയും മൂന്നു ലക്ഷം രൂപ ഗ്രാമപഞ്ചായത്തിന്‍റെയും വിഹിതമാണ്. കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒ.പി. ബ്ലോക്ക് നിര്‍മിക്കുന്നതിന് എന്‍.എച്ച്.എം. പദ്ധതിയില്‍ 1.54 കോടി രൂപ അനുവദിച്ചു. മാണി സി. കാപ്പന്‍ എം.എല്‍.എയുടെ ആസ്തി വികനസ ഫണ്ടില്‍നിന്നും ഒരു കോടി രൂപ ചിലവിട്ടാണ് മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒ.പി. ബ്ലോക്ക് നിര്‍മിക്കുന്നത്.
ഉദ്ഘാടനത്തിന്‍റെ ഭാഗമായി കടനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ അധ്യക്ഷനായി. തോമസ് ചാഴികാടന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജോസ് പ്ലാക്കൂട്ടം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. പ്രേംജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ജെയ്സണ്‍ ജോര്‍ജ്, മെഴ്സിക്കുട്ടി കുര്യാക്കോസ്, ജോയി തോമസ്, രാജന്‍ മുണ്ടമറ്റം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.