08 June, 2020 03:08:31 PM
മീനച്ചിലാറ്റിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കോട്ടയം: മീനച്ചിലാറ്റിൽ വിദ്യാർഥിനി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം ഇ. എം. രാധയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഇ. എം. രാധ അറിയിച്ചു. അതേസമയം, സംഭവത്തിൽ മഹാത്മാഗാന്ധി സര്‍വ്വകലാശാലാ പരീക്ഷ കൺട്രോളർ റിപ്പോര്‍ട്ട് തേടും എന്ന് സര്‍വ്വകലാശാലാ പത്രകുറിപ്പില്‍ അറിയിച്ചു.
ചേർപ്പുങ്കലിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ ചെമ്പിളാവ് ഭാഗത്ത് നിന്നും ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിനിയായ അഞ്ജു ഷാജിയെ കാണാതായത്. ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജിൽ പരീക്ഷക്ക് പോയതാണ് പെണ്‍കുട്ടി. കാഞ്ഞിരപ്പള്ളി സെന്‍റ് ആൻറണിസ് കോളജ് വിദ്യാർത്ഥിനിയായ പെൺകുട്ടി പരീക്ഷക്കിടെ കോപ്പിയടിച്ചതായി ആരോപണമുന്നയിക്കുകയും തുടർന്നു പരീക്ഷ എഴുതണ്ടായെന്ന് ഹോളിക്രോസ് കോളജ് അധ്യാപകൻ അറിയിച്ചതായും പറയുന്നു.
വൈകിയും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പരാതി കിടങ്ങൂർ പൊലീസിനു കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബാഗ് ചേർപ്പുങ്കൽ മീനച്ചിൽ ആറ്റിലെ പാലത്തിനു സമീപത്തു നിന്നും ലഭിച്ചു. മൊബൈല്‍ ഫോണും പഴ്സും ബാഗില്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടി പുഴയുടെ അടുത്തേക്ക് നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ചയും ഞായറാഴ്ചയും അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും കൂടി മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.