07 June, 2020 03:05:11 PM


കടുത്തുരുത്തി ബൈപ്പാസ് റോഡ് അന്തിമഘട്ട നിർമ്മാണ പ്രവര്‍ത്തനങ്ങല്‍ക്ക് തുടക്കം




കടുത്തുരുത്തി: കോട്ടയം -  എറണാകുളം റോഡിന് സമാന്തരമായി നിർമ്മിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിന്‍റെ അന്തിമ ഘട്ടത്തിലുള്ള  നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി അഡ്വ മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. തീരദേശ റോഡ് മുതൽ ചുള്ളിതോട് വരെയുള്ള ബൈപ്പാസ് റോഡിന്റെ ഇരുവശത്തേക്കും ഉള്ള ദൂര പരിധിയും, അതിർത്തിയും ക്രമീകരിക്കുന്നതിനുള്ള ടോട്ടൽ സ്റ്റേഷൻ പ്രവർത്തനങ്ങൾക്ക് മോൻസ് ജോസഫ് എംഎൽഎ തുടക്കം കുറിച്ചു കൊണ്ടാണ് കടുത്തുരുത്തി ബൈപ്പാസ് റോഡിന്റെ മൂന്നാം ഘട്ടത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.


കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡിൽ നിന്നും ബൈപ്പാസിലേക്ക് പ്രവേശിക്കാനുള്ള സർവ്വീസ് റോഡിന്‍റെ അലൈൻമെന്റും ഇതോടൊപ്പം പരിശോധിച്ച് തീർപ്പാക്കി. കടുത്തുരുത്തി വലിയ തോടിനും, ചുള്ളി തോടിനും കുറുകെ നിർമ്മിക്കുന്ന രണ്ട് പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് നടപടി സ്വീകരിച്ചതായി  എംഎൽഎ അറിയിച്ചു. ബൈപാസ് റോഡിന്റെ സമീപത്തുള്ള കര ഭൂമിയിൽ വെള്ളക്കെട്ട്  പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കാൻ കഴിയുന്ന വിധത്തിലാണ് രണ്ട് പാലങ്ങളുടെയും ഡിസൈൻ പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചിരിക്കുന്നത്.


തീരദേശ റോഡിലൂടെ വാഹന സൗകര്യം അനുവദിക്കാൻ കഴിയുന്ന വിധത്തിലാണ് വലിയ തോടിന് കുറുകെയുള്ള പാലം നിർമ്മാണം നടപ്പാക്കുന്നത്. ബൈപ്പാസ് റോഡിന് കുറുകെ സുഗമമായി വെള്ളം ഒഴുകി പോകാൻ കഴിയുന്ന വിധത്തിൽ താഴത്തു പള്ളി ഭാഗം മുതൽ ജല നിർഗമന മാർഗ്ഗങ്ങൾ പരമാവധി സ്ഥലങ്ങളിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയതായി എംഎൽഎ വ്യക്തമാക്കി. കടുത്തുരുത്തി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഫ്ലൈ ഓവറിന് താഴെ കൂടി കടന്നു പോകുന്ന നിലവിലുള്ള സർവ്വീസ് റോഡ് ജനോപകാര പ്രദമായി നവീകരിച്ചു കൊടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.


കടുത്തുരുത്തി വലിയപള്ളിയിലേക്കും, സെന്റ്മൈക്കിൾസ് സ്കൂളിലേക്കും കടന്ന് വരുന്ന വാഹനങ്ങൾക്ക് ബൈപ്പാസിൽ നിന്ന് ഇറങ്ങാനുള്ള സർവ്വീസ് റോഡ് സൗകര്യം ഏർപ്പെടുത്തുന്ന കാര്യം പ്രത്യേകം പരിശോധിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. സർവ്വീസ് റോഡ് സൗകര്യം എങ്ങനെ നടപ്പാക്കാൻ കഴിയുമെന്ന് നേരിട്ട് പരിശോധിക്കുന്നതിന് തിരുവനന്തപുരം റോഡ് സേഫ്റ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായി എംഎൽഎ അറിയിച്ചു. ജൂൺ 12ന്, രാവിലെ 10.30ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥ സംഘം ബൈപ്പാസ് റോഡ് നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തുന്നതായിരിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലായിരിക്കുന്നഫ്ലൈ ഓവറും, ബൈപ്പാസ്  റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തീകരിക്കുന്നത് സംബന്ധിച്ചും റോഡ് സേഫ്റ്റി വിഭാഗം വിലയിരുത്തൽ  നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് എംഎൽഎ വ്യക്തമാക്കി.


വലിയ തോടിന് കുറുകെയുള്ള പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജൂൺ 10, ബുധനാഴ്ച മുതൽ കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡിലൂടെയുള്ള വാഹന ഗതാഗതം നിർത്തി വയ്ക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചർച്ച ചെയ്ത് തീരുമാനം എടുത്തിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് പൊതുമരാമത്ത് വകുപ്പ് ഉടൻ തന്നെ പുറപ്പെടുവിക്കുന്നതാണ്. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, വാർഡ് മെമ്പർ ജിൻസി എലിസബത്ത്, പിഡബ്ല്യുഡി കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ശ്രീലേഖ, കടുത്തുരുത്തി റോഡ്സ് അസ്സി.എക്സിക്യൂട്ടീവ് എൻജിനീയർ റോജി പി വർഗ്ഗീസ്, അസ്സി.എൻജിനീയർ എ.ബി സജീവ് കുമാർ 
എന്നിവർ സന്നിഹിതരായിരുന്നു.


കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന "വിഷൻ - 2020" വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കടുത്തുരുത്തി ബൈപ്പാസ് റോഡ് നിർമ്മാണം സർക്കാർ തലത്തിലുള്ള വിവിധ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് അവസാന ഘട്ട നിർമ്മാണ ജോലികൾ ഇപ്പോൾ ആരംഭിക്കാൻ കഴിഞ്ഞിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, പിഡബ്ല്യുഡി വകുപ്പ് തലത്തിലുള്ള പ്രധാന ഉദ്യോഗസ്ഥർ എന്നിവരുമായി എംഎൽഎ നടത്തിയ ചർച്ചകളുടെയും, നിരന്തരമായി നടത്തിയ ഇടപെടലുകളുടെയും ഫലമായിട്ടാണ് വിവിധ തടസ്സങ്ങൾ പരിഹരിച്ച് കൊണ്ട് ബൈപ്പാസ് റോഡ് നിർമ്മാണം ഇപ്പോൾ ആരംഭിക്കാൻ സാഹചര്യം ഉണ്ടായിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K