06 June, 2020 08:56:01 PM
കോട്ടയം ജില്ലയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കും
കോട്ടയം: ജില്ലയില്‍ നിലവില്‍ സ്വന്തമായി സംവിധാനങ്ങളില്ലാത്ത 4289 വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തും. ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പൊതുവിദ്യാലയങ്ങളില്‍ ഇപ്പോഴുള്ള 377 ടെലിവിഷനുകളും 3577 ലാപ്ടോപ്പുകളും വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം പൊതു കേന്ദ്രങ്ങളില്‍ സജ്ജീകരിക്കും. ജില്ലയിലെ 94 ലൈബ്രറികളില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമുണ്ട്. അടുത്തയാഴ്ച്ചയോടെ ഈ സംവിധാനം 200 ലൈബ്രറികളില്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ നടപടി സ്വീകരിക്കും.
സഹകരണ ബാങ്കുകള്‍ 140 ടെലിവിഷനുകള്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ സഹകരണ മേഖലയിലെ കൂടുതല്‍ സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ടാകും. ജില്ലാ വ്യവസായ കേന്ദ്രം മുഖേന നൂറോളം ടിവികള്‍ ലഭ്യമാക്കും. കെ.എസ്.എഫ്.ഇ സ്പോണ്‍സര്‍ ചെയ്യുന്നവയും ഉടന്‍ ലഭിക്കും. വിവിധ പദ്ധതികളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. ഇതിനു പുറമെ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ-സര്‍വീസ് സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയും തേടുന്നതിന് യോഗം തീരുമാനിച്ചു.
ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കി സര്‍ക്കാര്‍ അനുമതിയോടെ നടപ്പാക്കുന്നതിന് നടപടി ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതര ജില്ലകളില്‍നിന്ന് കോട്ടയത്ത് പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും സ്പോണ്‍സര്‍ഷിപ്പിലൂടെ പഠന സൗകര്യം നല്‍കുന്നത് പരിഗണനയിലുണ്ട്. ജില്ലയിലെ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി ടാബ് നല്‍ക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ യോഗത്തില്‍ പറഞ്ഞു. ഉപജില്ല, വിദ്യാഭ്യാസ ജില്ലാ തലങ്ങളില്‍ ഹെല്‍പ്പ് ഡസ്കുകള്‍ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹെല്‍പ്പ് ഡസ്കുകളില്‍ അറിയിക്കാം.
അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍. ഷൈല, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മാണി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി.രാജീവ്, ഹയര്‍ സെക്കന്‍ഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സ്കറിയ, സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ എം. പ്രദീപ് കുമാര്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രമേഷ് വെട്ടിമറ്റം, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ജി. അജേഷ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. രാമചന്ദ്രന്‍നായര്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബി. ജയശങ്കര്‍, പ്ലാനിംഗ് റിസര്‍ച്ച് ഓഫീസര്‍ പി.എ. അമാനത്ത്, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ധനേഷ്കെ, .എസ്.എഫ്.ഇ പ്രതിനിധി ജോയി സേവ്യര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.