06 June, 2020 06:30:34 PM


കോട്ടയത്ത് രണ്ടു പേര്‍ക്കു കൂടി കോവിഡ്; ജില്ലയില്‍ 30 രോഗികള്‍ ചികിത്സയില്‍



കോട്ടയം: ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.  മുംബൈയില്‍നിന്നും ഈ മാസം രണ്ടിന് എത്തിയ ഒളശ്ശ സ്വദേശിക്കും (24) ഈ മാസം നാലിന് ഡല്‍ഹിയില്‍നിന്നെത്തിയ അറുന്നൂറ്റി മംഗലം സ്വദേശിക്കു(34)മാണ് രോഗം ബാധിച്ചത് ഒളശ്ശ സ്വദേശിക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായ സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഫലം വന്നതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വിമാനമാര്‍ഗം കൊച്ചിയിലെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വിമാനത്താവളത്തില്‍നിന്നുതന്നെ  ആശുപത്രിയിലേക്ക് മാറ്റി സാമ്പിള്‍ പരിശോധന നടത്തി. ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ഇയാള്‍ക്കൊപ്പം എത്തിയ മാതാവും ഭാര്യയും കുട്ടിയും കോട്ടയത്ത് ക്വാറന്‍റയിന്‍ സെന്‍ററിലാണ്. കോവിഡ് ലക്ഷണങ്ങളുള്ള ഇവരുടെയും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 


ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 30 ആയി. ഇതില്‍ എറണാകുളത്ത് ചികിത്സയില്‍ കഴിയുന്നയാള്‍  ഒഴികെയുള്ളവരില്‍ 19 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പത്തു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്.


മൂന്നാം ഘട്ടത്തില്‍ രോഗം ബാധിച്ച 46 പേരില്‍ 45 പേരും പുറത്തുനിന്ന് എത്തിയവര്‍


വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ എത്തിത്തുടങ്ങിയതിനു ശേഷം കോട്ടയം ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 46 പേര്‍ക്ക്. ഇതില്‍ മീനടം സ്വദേശിയായ 58കാരനു മാത്രമാണ് സമ്പര്‍ക്കം മൂലം  രോഗം ബാധിച്ചത്.  മറ്റുള്ളവരെല്ലാം  സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. ഇതില്‍ 30 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമാണ് വന്നത്.


കുവൈറ്റില്‍നിന്ന് മെയ് 26ന് ഒരേ വിമാനത്തില്‍ എത്തിയ 16 പേരില്‍ ഒന്‍പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പുറത്തുനിന്ന് എത്തുന്നവരെ ജില്ലയിലേക്ക് കൊണ്ടുവരുന്നതിലും ക്വാറന്‍റയിനില്‍ താമസിപ്പിക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗവ്യാപനം ഇതുവരെ നിയന്ത്രിക്കാന്‍ സഹായകമായതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.


ക്വാറന്‍റയിന്‍ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ദേശങ്ങൾ‍ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുന്നു. വാര്‍ഡ്തല ജാഗ്രതാ സമിതികളുടെ നേതൃത്വത്തില്‍ ഹോം ക്വാറന്‍റയിന്‍ നിരീക്ഷണവും ജില്ലയില്‍ ഊര്‍ജ്ജിതമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K