05 June, 2020 05:16:12 PM
പരിസ്ഥിതിദിനത്തില്‍ 'ഹരിതം ഗ്രാമം' പദ്ധതിക്ക് തുടക്കമിട്ട് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍
ഏറ്റുമാനൂര്‍: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'ഹരിതം ഗ്രാമം' പദ്ധതിയ്ക്ക് തുടക്കമിട്ട് ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍. നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പില്‍ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടുകൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏറ്റുമാനൂര്‍ നഗരസഭാ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് അധ്യക്ഷനായിരുന്നു.
എല്ലാ വീടുകളിലും ഒരു മരം എങ്കിലും നട്ടുപിടിപ്പിക്കുക എന്നതിന്‍റെ ഭാഗമായി നടത്തിയ തൈകളുടെ വിതരണം സ്കൂള്‍ പ്രിന്‍സിപ്പാള്‍ രാധാമണി ഈ.ആര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍, വൈസ് പ്രസിഡന്‍റ് എം.എസ്.രാജു, ഗവ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ബെന്നി ജോസഫ്, ലളിതാ മേനോന്‍, കെ.പി.ഗോപിനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഭക്ഷ്യസ്വയംപര്യാപ്തതയുടെ ഭാഗമായി പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെ ഒരു മാസം നീളുന്ന പ്രവര്‍ത്തനങ്ങളാണ് 'ഹരിതം ഗ്രാമം' പദ്ധതിയുടെ ഭാഗമായി നടക്കുകയെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് പറഞ്ഞു.
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ ഏറ്റുമാനൂർ ടിടിഐ വളപ്പില്‍ 60 വൃക്ഷതൈകള്‍ നട്ടു പിടിപ്പിച്ചു. മോഹൻലാൽ അറ്റ് 60 എന്നതിന്‍റെ പ്രതീകമായി കൂടിയാണ് അറുപത് തൈകള്‍ നട്ടത്. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ ഗണേഷ് ഏറ്റുമാനൂരും കൗൺസിലർ പുഷ്പലതയും ചേർന്ന് ഉഘ്ടാനം ചെയ്തു. എകെഎംഎഫ്സിഡബ്ല്യുഎ പ്രസിഡന്‍റ് അഭിലാഷ് സിവി, സെക്രട്ടറി സിഞ്ചു കുറവിലങ്ങാട്, ട്രഷറര്‍-അരവിന്ദ് ശങ്കർ എന്നിവര്‍ നേതൃത്വം നല്‍കി.
ഏറ്റുമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പരിസ്ഥിതിദിനാചരണത്തിന്‍റെ ഭാഗമായി വൃക്ഷതൈകള്‍ നട്ടു. ആശുപത്രി വളപ്പില്‍ തെങ്ങിന്‍തൈ നട്ട് എഎംഓ ഡോ.സജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു.