04 June, 2020 06:03:49 PM
കോട്ടയം ജില്ലയില്‍ അഞ്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍ 27
കോട്ടയം: ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 27 ആയി. രോഗബാധിതരില്‍ മൂന്നു പേര്‍ കുവൈറ്റില്‍നിന്ന് മെയ് 26നും ഒരാള്‍ മഹാരാഷ്ട്രയില്‍നിന്ന് മെയ് 25നും ഒരാള്‍ പൂനയില്‍നിന്ന് മെയ് 30നുമാണ് എത്തിയത്.
നീണ്ടൂര്‍ സ്വദേശിനി (40), ളാക്കാട്ടൂര്‍ സ്വദേശി (25), കോട്ടയം സ്വദേശി (25) എന്നിവരാണ് കുവൈറ്റില്‍നിന്നും ഒരേ വിമാനത്തില്‍ എത്തിയത്. മൂവരും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലായിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് വിമാനമാര്‍ഗം മെയ് 25ന് എത്തിയ ഗര്‍ഭിണിയായ പാറത്തോട് സ്വദേശിനി(31)ക്ക് ഹോം ക്വാറന്‍റയിനില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങളുണ്ടായ സാഹചര്യത്തിലാണ് സാമ്പിള്‍ ശേഖരിച്ചത്. പൂനെയില്‍നിന്ന് മെയ് 30ന് എത്തിയ തിരുവാതുക്കല്‍ സ്വദേശിയും(32) ഹോം ക്വാറന്‍റയനില്‍ കഴിയുകയായിരുന്നു.
ഇവരില്‍ നാലു പേരെ കോട്ടയം ജനറല്‍ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 27 പേരില്‍ 18 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒന്‍പതു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്. മെയ് 26ന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍(ജെ 9 1405) കോട്ടയം ജില്ലയില്‍ എത്തിയ 16 പേരില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ കോവിഡ് ബാധിതരായി.