04 June, 2020 12:11:12 PM
മരണം ഉറപ്പാക്കാൻ ടീപോയ് കൊണ്ട് പല തവണ തലയ്ക്കടിച്ചു; വീട്ടമ്മയെ വധിച്ചത് ഇങ്ങനെ
കോട്ടയം: കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റ സമ്മതം നടത്തി പ്രതി മുഹമ്മദ് ബിലാൽ (23). മോഷണ ശേഷം മരണം ഉറപ്പാക്കാൻ പല തവണ തലയ്ക്കടിച്ചുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ടീപോയ് വച്ചാണ് ആദ്യം തലയ്ക്കടിച്ചത്. ശേഷം തെളിവ് നശിപ്പിക്കാനാണ് പാചക വാതക സിലണ്ടർ തുറന്ന് വിട്ടതെന്നും പ്രതി പറയുന്നു. ഇരുവരെയുടെയും കൈകാലുകളിൽ ഷോക്കടിപ്പിക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതിക്ക് കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന പ്രതിക്ക് ഈ കുടുംബം ഇടക്കിടെ സഹായം നൽകിയിരുന്നു. കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക സഹായം നിരസിച്ചതിലുള്ള വൈരാഗ്യമാണെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുമരകം ചെങ്ങളം സ്വദേശിയായ ബിലാലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ഇന്നലെയാണ്. എറണാകുളത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളിലൂടെ മോഷണം പോയ കാർ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. കുമരകം വഴിയാണ് കാർ സഞ്ചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്
തെളിവുകൾ വളരെ കുറവായിരുന്നു. പ്രതി ഒരു വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി പല വഴിക്കും പൊലീസ് അന്വേഷണം നടത്തിയിരുന്നു. അങ്ങനെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ മുഖം കാണാൻ സാധിച്ചു. ആവഴിക്ക് അന്വേഷണം നടത്തിയപ്പോൾ മുഖസാദൃശ്യമുള്ള പലരെയും കണ്ടെത്താനായി. അങ്ങനെയാണ് ഇയാളെയും സംശയിക്കുന്നത്. ഇയാൾക്ക് ഇലക്ട്രിക്കൽ, പ്ലംബിംഗ് തുടങ്ങിയവ താത്പര്യമുണ്ടെന്ന് മനസ്സിലായി.
കുറ്റകൃത്യം നടക്കുന്നതിന്‍റെ തലേ ദിവസമാണ് ഇയാൾ തന്‍റെ വീട്ടിൽ നിന്നിറങ്ങിയത്. അന്ന് രാത്രി പലയിടത്തും കറങ്ങി നടന്നു. പുലർച്ചയോടെ ഇവരുടെ വീടിനു സമീപം എത്തി. വീട്ടിൽ വെളിച്ചമൊന്നും കാണാത്തതിനെ തുടർന്ന് തിരികെ പോയി. പിന്നീട് തിരികെ വരികയായിരുന്നു. പരിചയമുള്ളതു കൊണ്ട് ഇവർ വാതിൽ തുറന്നതിനെ തുടർന്ന് ഇയാൾ അകത്തുകയറി. ഇയാൾക്ക് കുടിക്കാൻ വെള്ളം നൽകി. തുടർന്ന് ഇയാൾ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ ഇത് നൽകാനാവില്ല എന്ന് ഇവർ പറഞ്ഞതിനെ തുടർന്ന് തർക്കം ഉടലെടുത്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ആദ്യം ഇയാൾ ഭർത്താവ് സാലിയെ ആണ് ഉപദ്രവിച്ചത്. ഇത് കണ്ട ഷീബ ഇടപെട്ടു. ഇതോടെ ഇവരുടെ തലയിൽ ടീപോയ് പലതവണ അടിച്ച പ്രതി ഇവരെ കൊലപ്പെടുത്തി.
തുടർന്ന് തെളിവ് നശിപ്പിക്കാനായി ഗ്യാസ് സിലിണ്ടർ തുറന്നിട്ടു. വൈദ്യുതി കമ്പി അവരെ ചുറ്റി കണക്ട് ചെയ്തെങ്കിലും വൈദ്യുതി ഓണാക്കിയില്ല. തുടർന്ന് കിടപ്പുമുറിയിൽ കയറി പണവും ആഭരണങ്ങളും കവർന്നു. ഷീബ ധരിച്ചിരുന്ന ആഭരണങ്ങളും ഇയാൾ കവർന്നു. തുടർന്ന് വീട്ടിൽ നിന്ന് താക്കോലെടുത്ത പ്രതി കാറ് മോഷ്ടിച്ച് കടക്കുകയായിരുന്നു. മുൻപ് ചെറിയ കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. എട്ടരക്കും ഒൻപതരക്കും ഇടയിലാണ് കൊലപാതകം നടന്നത്. ഏതാണ്ട് ഒരു മണിക്കൂറോളം ഇയാൾ വീട്ടിൽ ചെലവഴിച്ചിരുന്നു.