03 June, 2020 09:25:07 AM


'പൃഥ്വിരാജിനാകാം, മറ്റുള്ളവര്‍ക്ക് പറ്റില്ല'; പ്രവാസിയുടെ ആരോപണങ്ങള്‍ വ്യാജമെന്ന് ആര്‍ഡിഓ



പാലാ: ദുബായില്‍ നിന്നും നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ക്വാറന്‍റയിന്‍ സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നുവെന്ന് പരാതി. കഴിഞ്ഞ തിങ്കളാഴ്ച ദുബായില്‍ നിന്നെത്തിയ ഒരു സംഘം ആളുകള്‍ക്ക് പാലായില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി സംഘാഗമായ പ്രവാസി ഇട്ട ലൈവ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഈ വീഡിയോയില്‍  പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പാലാ ആര്‍ഡിഓ എം.ഡി.അനില്‍കുമാര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു.


നെടുമ്പാശ്ശേരിയില്‍ നിന്നും കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് പോകാനുള്ള തങ്ങളെ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറ്റി പാലായില്‍ കൊണ്ടുവന്ന് ബുദ്ധിമുട്ടിലാക്കിയെന്ന് ചൂണ്ടികാട്ടിയാണ് പ്രവാസിയായ യുവാവ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തത്. രാവിലെ 5ന് ദുബായില്‍ നിന്ന് പോന്ന പ്രവാസികള്‍ നെടുമ്പാശ്ശേരിയിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കെ.എസ്.ആര്‍.ടി.സി ബസില്‍ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലേക്ക് അയക്കുകയായിരുന്നു. തൊടുപുഴ വഴി വന്ന ബസ് രാത്രി 12 മണിയോടെ പാലായില്‍ എത്തി.


എന്നാല്‍ പാലായില്‍ തങ്ങള്‍ക്ക് ക്വാറന്‍റയിനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നാണ് യുവാവ് ആരോപിക്കുന്നത്. എവിടെയാണ് താമസസൌകര്യം ഒരുക്കിയിരിക്കുന്നതെന്നു പോലും വ്യക്തതയില്ലാതെയാണ് അധികൃതര്‍ പെരുമാറിയതെന്നും സ്വന്തമായി ക്വാറന്‍റയിനില്‍ പ്രവേശിക്കാന്‍ എറണാകുളത്ത് ഒരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിരുന്ന തന്നെ അങ്ങോട്ട് പോകാന്‍ അനുവദിച്ചില്ലെന്നും യുവാവ് വീഡിയോയില്‍ കുറ്റപ്പെടുത്തുന്നു.


ഹോട്ടലിലേക്ക് പോകാന്‍ സ്വന്തം കാറും എയര്‍പോര്‍ട്ടില്‍ സജ്ജമാക്കിയിരുന്നു. എന്നാല്‍ അങ്ങിനെ പോകാന്‍ അധികൃതര്‍ സമ്മതിച്ചില്ലെന്നു മാത്രമല്ല തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി പ്പെടുത്തിയതായും യുവാവ് പറയുന്നു. ചലച്ചിത്രതാരം പൃഥ്വിരാജിന് കൊച്ചിയിലെ ഹോട്ടലില്‍ ക്വാറന്‍റയിനില്‍ പ്രവേശിക്കാന്‍ സ്വന്തം കാറില്‍ ഡ്രൈവ് ചെയ്ത് പോകാനുള്ള അവസരം ഒരുക്കിയ അധികൃതര്‍ സാധാരണക്കാരന് അതിനുള്ള സൌകര്യം നിഷേധിക്കുന്നതിനെയും യുവാവ് ചോദ്യം ചെയ്യുന്നു.


യുവാവിനോടൊപ്പം ബസില്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രവാസികളും പാലായില്‍ ബസിനടുത്തെത്തിയ ഡപ്യൂട്ടി തഹസില്‍ദാര്‍ സിറിള്‍ ജോസഫ് ഉള്‍പ്പെടെയുള്ള അധികൃതരോട് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം. മെഡിക്കല്‍ എമര്‍ജന്‍സിയായി എത്തിയ താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മറ്റൊരു യുവാവും വിവരിക്കുന്നുണ്ട്. 


എന്നാല്‍ യുവാവിന്‍റെ ആരോപണങ്ങള്‍ പാടേ നിഷേധിക്കുകയാണ് ആര്‍ഡിഓ. എറണാകുളത്ത് യുവാവ് റൂം ബുക്ക് ചെയ്തു എന്ന് പറയുന്ന രേഖകളൊന്നും എയര്‍ പോര്‍ട്ടില്‍ വെച്ച് അധികൃതരെ കാട്ടിയില്ല. മാത്രമല്ല ഇയാള്‍ പറയുന്ന ഹോട്ടല്‍ ക്വാറന്‍റയിന്‍ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സ്വന്തം വാഹനത്തില്‍ യാത്ര അനുവദിക്കുമെങ്കിലും ഈ സാഹചര്യത്തില്‍ ഇയാള്‍ എങ്ങോട്ടാണ് പോകുന്നതെന്ന വ്യക്തതയില്ലാത്തത് കൊണ്ടാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറ്റിയത്. ഇതോടെ ഇയാള്‍ കൂടെ ഉണ്ടായിരുന്നവരെ പലതും പറ‍ഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.


പാലായില്‍ എത്തിയപ്പോള്‍ ആരെയും പുറത്തിറക്കാതെ ബസ് ലോക്ക് ചെയ്തിരിക്കുകയാണെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ഒരു വാതിലില്‍ കൂടി സാമൂഹിക അകലം പാലിച്ച് മാത്രമാണ് യാത്രക്കാരെ ഇറക്കുക. രണ്ട് വാതിലുകളില്‍ അടച്ചിട്ടത് മാത്രം കാട്ടിയാണ് ഇയാള്‍ ഈ ആരോപണം ഉന്നയിച്ചത്. പ്രവാസികള്‍ സ്വന്തം ചെലവില്‍ ക്വാറന്‍റയിനില്‍ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍ നഗരസഭയുടെ സഹകരണത്തോടെ പാലാ കിഴതടിയൂരില്‍ ഒരു ഹോസ്റ്റലി‍ല്‍ സൌജന്യമായി ക്വാറന്‍റയിന്‍ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. ബാത്ത് റൂം സഹിതമുള്ള സിംഗിള്‍ ബെഡ്റൂമുകളാണ് ഇവിടെയുള്ളത്. ഇവിടെ താമസിക്കാന്‍ സൌകര്യമൊരുക്കിയെങ്കിലും യുവാവും ഇയാള്‍ പറഞ്ഞത് കേട്ട് തെറ്റിദ്ധരിക്കപ്പെട്ടവരും അതിന് തയ്യാറായില്ല. ഇവരാണ് ബസില്‍ പ്രതിഷേധസ്വരത്തില്‍ സംസാരിച്ചത്.


ഏറെ നേരത്തെ വാദപ്രതിവാദത്തിനുശേഷം യുവാവ് കോട്ടയം നഗരത്തിലെ സ്റ്റാര്‍ ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത് അങ്ങോട്ടേക്ക് പോയി. ബാക്കിയുള്ളവരെല്ലാം തന്നെ പാലാ കിഴതടിയൂരിലെ നിരീക്ഷണകേന്ദ്രത്തില്‍ താമസമാക്കിയെന്നും ആര്‍ഡിഓ പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K