30 May, 2020 06:19:50 PM


ദുബായില്‍നിന്ന് ചങ്ങനാശേരിയില്‍ എത്തിയ യുവതിക്ക് കോവിഡ്; ജില്ലയില്‍ 20 രോഗബാധിതര്‍



കോട്ടയം: ദുബായില്‍നിന്ന് കോട്ടയത്തെത്തിയ യുവതിക്ക്  കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് രോഗമുക്തി. ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 20 ആയി. ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനിക്ക്(26) ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. മെയ് 11ന് എത്തിയ ഗര്‍ഭിണിയായ യുവതി ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇതേ വിമാനത്തില്‍ സഹയാത്രികരായിരുന്ന അഞ്ചുപേര്‍ക്ക്  രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മെയ് 28ന് ഇവരുടെ സാമ്പിള്‍ പരിശോധയ്ക്കയച്ചത്. 


കോവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീണ്ടൂര്‍ സ്വദേശി(31) രോഗമുക്തനായി. മെയ് ഒന്‍പതിന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ എത്തിയ യുവാവിന് മെയ് 21നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെത്തുടര്‍ന്ന് ഇയാളെ ഇന്ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. 


ജില്ലയില്‍ ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 20 പേരാണ്. ഇതുവരെ 3659 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയരാക്കി. 3199 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 420 സാമ്പിളുകളുടെ ഫലം വരാനുണ്ട്.
ആകെ 5994 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ 5028 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ന്നും 614 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും വന്നവരാണ്. ശേഷിക്കുന്നവര്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K