28 May, 2020 08:26:33 PM


കോട്ടയത്തുനിന്ന് 610 മറുനാടന്‍ തൊഴിലാളികള്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി



കോട്ടയം: ജില്ലയില്‍നിന്നും 610 മറുനാടന്‍ തൊഴിലാളികള്‍ സ്വദേശമായ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി.  വിവിധ കേന്ദ്രങ്ങളില്‍നിന്ന് 20 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തൊഴിലാളികളെ എത്തിച്ചാണ് ഇന്ന് വൈകുന്നേരം 3.45നു പുറപ്പെട്ട ട്രെയിനില്‍ യാത്രയാക്കിയത്. കോട്ടയം-128, ചങ്ങനാശേരി-68, വൈക്കം-33, മീനച്ചില്‍-182,കാഞ്ഞിരപ്പള്ളി-199 എന്നിങ്ങനെയാണ് മടങ്ങിയ തൊഴിലാളികളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. 


ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ആര്‍.ഡി.ഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ മോന്‍സി അലക്സാണ്ടര്‍, ജിയോ ടി. മനോജ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഇതോടെ ജില്ലയില്‍നിന്ന് ഇതുവരെ മടങ്ങിയ തൊഴിലാളികളുടെ എണ്ണം 4557 ആയി. പശ്ചിമ ബംഗാളിലെ ബെര്‍ഹാംപോര്‍ കോര്‍ട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് നാളെ വൈകുന്നേരം കോട്ടയത്തുനിന്ന് പുറപ്പെടുന്ന ട്രെയിനില്‍ 1464 പേര്‍ മടങ്ങും.


മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി 5522 കോട്ടയം സ്വദേശികള്‍ കേരളത്തിലെത്തി. പാസ് വിതരണം ചെയ്തു തുടങ്ങിയ ദിവസം മുതല്‍ ഇന്ന് ഉച്ചകഴി‍ഞ്ഞ് രണ്ടു വരെയുള്ള കണക്കാണിത്. ഇതുവരെ 5571പാസുകളാണ് നല്‍കിയത്. ഇനി 1266 അപേക്ഷകള്‍ പരിഗണിക്കാനുണ്ട്. വിവിധ ചെക് പോസ്റ്റുകളിലൂടെ വന്നവരുടെ കണക്ക് ഇങ്ങനെ. ആര്യങ്കാവ്-  287 , കുമളി-1970 , വാളയാര്‍-  1873, മുത്തങ്ങ- 272, മഞ്ചേശ്വരം- 999, ഇഞ്ചിവിള - 121.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K