28 May, 2020 07:44:38 PM
വെളിയന്നൂർ - കൂത്താട്ടുകുളം ഇറിഗേഷൻ കനാലിലൂടെ ജല വിതരണം; ട്രയൽ റൺ നടത്തി
കുറവിലങ്ങാട് : വെളിയന്നൂർ - കൂത്താട്ടുകുളം ലിഫ്റ്റ് ഇറിഗേഷൻ കനാൽ കമ്മീഷൻ ചെയ്യുന്നതിന് മുന്നോടിയായി എം.വി.ഐ.പി കനാലിലൂടെ ജലവിതരണം നടത്തിക്കൊണ്ട് പദ്ധതിയുടെ ട്രയൽ റൺ നടന്നു. കൂത്താട്ടുകുളം ബാപ്പുജി സ്കൂൾ ജംഗ്ഷനിലുള്ള ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിൽ അഡ്വ മോൻസ് ജോസഫ് എംഎൽഎ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ട്രയൽ റണ്ണിന് തുടക്കംകുറിച്ചത്. കൂത്താട്ടുകുളം പമ്പ് ഹൗസ് മുതൽ വെളിയന്നൂർ ജംഗ്ഷനിൽ കനാൽ അവസാനിക്കുന്നത് വരെ വെള്ളമെത്തിക്കാൻ കഴിഞ്ഞതിലൂടെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വിജയപ്രദമായെന്ന് മോൻസ് ജോസഫ് പറഞ്ഞു.
വെളിയന്നൂർ - കൂത്താട്ടുകുളം ലിഫ്റ്റ് ഇറിഗേഷൻ കനാൽ യാഥാർത്ഥ്യമാകുന്നത് കാർഷിക മേഖലയുടെ പുരോഗതിക്കും, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും, ജല സ്രോതസ്സുകൾ സമൃദ്ധമാകുന്നതിനും സഹായകമാകും. കനാലിലൂടെ ജല വിതരണം നടത്തുമ്പോൾ ഏതെങ്കിലും ഭാഗത്ത് വെള്ളം എത്തിച്ചേരാതെ പ്രശ്നങ്ങൾ ഉണ്ടോ എന്ന് നേരിട്ട് പരിശോധിക്കുന്നതിന് എംഎൽഎയുടെ നേതൃത്വത്തിൽ വെളിയന്നൂർ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ 29ന് രാവിലെ 10 മണിക്ക് കനാൽ ഇൻസ്പെക്ഷൻ നടത്തും. ഇതിനുവേണ്ടി 29ന് രാവിലെ കനാലിലേക്ക് വെള്ളം പമ്പ് ചെയ്യും.
ഇറിഗേഷൻ പ്രോജക്ട് ചീഫ് എൻജിനീയർ ടി എൻ സെൻ, മൂവാറ്റുപുഴ സൂപ്രണ്ടിംഗ് എൻജിനീയർ ജയാ പി നായർ, പിറവം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എൻ സുപ്രഭ എന്നിവരുടെ നേതൃത്വത്തിലാണ് ട്രയൽ റൺ പരിശോധന നടത്തിയത്. അഡ്വ അനൂപ് ജേക്കബ് എംഎൽഎ, വി എൻ വാസവൻ എക്സ് എംഎൽഎ, കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയുടെ മുൻ ചെയർമാൻ പ്രിൻസ് പോൾ ജോൺ, വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭാ നാരായണൻ, വൈസ് പ്രസിഡന്‍റ് സജേഷ് ശശി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.