28 May, 2020 12:59:44 PM
റീ ബിൽഡ് കേരള ഗ്രാമീണ റോഡ് പദ്ധതി: പ്രചരണം അടിസ്ഥാനരഹിതം - മോൻസ് ജോസഫ്
കടുത്തുരുത്തി: പ്രളയക്കെടുതിയിൽ തകർന്നു പോയ ഗ്രാമീണ റോഡ് നവീകരണത്തിന് സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച റീ ബീൽഡ് കേരള വികസന പദ്ധതിയുടെ പേരിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രസ്താവനാ യുദ്ധം തികച്ചും അടിസ്ഥാന രഹിതമായ കാര്യങ്ങളുടെ പേരിലാണന്ന് അഡ്വ മോൻസ് ജോസഫ് എംഎൽഎ പത്രക്കുറിപ്പിൽ അറിയിച്ചു.
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തിന്‍റെയും ആവശ്യം രേഖപ്പെടുത്തിയിയുള്ള വിശദമായ റോഡ് ലിസ്റ്റാണ് മുഖ്യമന്ത്രിയുടെയും, തദ്ദേശ വകുപ്പു മന്ത്രിയുടെയും ഓഫീസുകളിൽ വളരെ നേരത്തെ തന്നെ സമർപ്പിച്ചിട്ടുള്ളത്. ഇതിൽ നിന്ന് കടുത്തുരുത്തി, കിടങ്ങൂർ പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന റോഡുകളുടെ ലിസ്റ്റ് അംഗീകരിച്ചു കൊണ്ടാണ് ആദ്യത്തെ ഉത്തരവ് സർക്കാർ ഇറക്കിയത്. ബാക്കി 9 പഞ്ചായത്തുകളുടെയും അത്യാവശ്യമുള്ള റോഡ് ലിസ്റ്റ് സർക്കാർ പരിശോധിച്ച് വരികയാണ്.
ഏതാനും ആഴ്ചകൾക്കുള്ളിൽ റീ ബീൽഡ് കേരള പദ്ധതിയുടെ ബാക്കി വരുന്ന റോഡ് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ ഔദ്യോഗികമായി മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നിട്ടും മന:പൂർവ്വം ദുഷ്പ്രചരണം നടത്തുന്നത് തികച്ചും നിർഭാഗ്യകരവും സാമൂഹ്യ വഞ്ചനയുമാണെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി. സത്യസന്ധമായും വ്യക്തമായും സർക്കാർ നടപടികൾ വിശദമാക്കിയ ശേഷവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ പ്രസ്താവനയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് രാഷ്ട്രീയ ശത്രുത കൊണ്ട് മാത്രമാണെന്ന് ജനങ്ങൾ തിരിച്ചറിയണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.
കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ ഗ്രാമീണ റോഡ് വികസനത്തിന് പ്രത്യേക ഫണ്ടുകൾ ആരിൽ നിന്നും ഇതുവരെ കാര്യമായ ഒന്നും ലഭിക്കാതെ വന്ന സാഹചര്യം നിലനിന്നപ്പോൾ വിവിധ പ്രദേശങ്ങളിൽ എംഎൽഎ ഫണ്ടും, സർക്കാർ ഫണ്ടും നൽകിക്കൊണ്ടും സമയോചിതമായ ഇടപെടൽ നടത്തിയുമാണ് ജനകീയ താൽപര്യം സംരക്ഷിച്ചത്. എല്ലാ പഞ്ചായത്തുകളുടെയും പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി മുന്നോട്ടു കൊണ്ടുപോകുമെന്നും എംഎൽഎ വ്യക്തമാക്കി.