27 May, 2020 05:34:38 PM
മാസ്കില്ലാതെ യാത്ര - 'കേസല്ല പ്രധാനം, ജാഗ്രത': മാതൃകയായി കടുത്തുരുത്തി പോലീസ്
കടുത്തുരുത്തി: മാസ്ക്ക് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുക്കുന്ന നടപടികളിലേക്ക് നീങ്ങും മുമ്പേ മാസ്ക്ക് കൊടുത്ത് പ്രശ്നത്തിന്‍റെ ഗൗരവ്വം യാത്രക്കാരെ മനസ്സിലാക്കിക്കൊടുക്കുന്ന കടുത്തുരുത്തി ജനമൈത്രി പോലീസിന്‍റെ പ്രവര്‍ത്തനം മാതൃകയാകുന്നു. പോലീസിന്‍റെ മാതൃകാപരമായ പ്രവർത്തനത്തിന് പ്രോത്സാഹനം നൽകി കൊണ്ട് കേരളാ കോൺഗ്രസ് (എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയും രംഗത്തെത്തി. യാത്രക്കാര്‍ക്ക് വിതരണം ചെയ്യാനും മറ്റുമായി പ്രതിരോധ മാസ്ക്കുകൾ പാർട്ടിയുടെ പാർലമെന്‍ററി പാർട്ടി സെക്രട്ടറി അഡ്വ മോൻസ് ജോസഫ് എം എൽ എ കടുത്തുരുത്തി സർക്കിൾ ഇൻസ്പെക്ടർ പി.കെ. ശിവൻകുട്ടിക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ ആശുപത്രികൾ, ഗ്രാമപഞ്ചായത്തുകൾ, പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി 10,000 മാസ്ക്കുകൾ വിതരണം ചെയ്യുന്നതിന് മുന്നോട്ടു വന്ന വടക്കേ പറമ്പിൽ പി ജെ ഫ്രാൻസിസിന്‍റെ നേതൃത്വത്തിലാണ് പോലീസ് സ്റ്റേഷനിലേക്കുള്ള മാസ്ക്കുകളും സജ്ജമാക്കിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ മേരി സെബാസ്റ്റ്യൻ, കേരളാ കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മറ്റി മെമ്പർ മാഞ്ഞൂർ മോഹൻ കുമാർ, ജില്ലാ സെക്രട്ടറി സ്‌റ്റീഫൻ പാറാവേലി, ജനമൈത്രി പോലീസ് കർമ്മ സമിതി അംഗം ആയാംകുടി വാസുദേവൻ നമ്പൂതിരി, കടുത്തുരുത്തിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.