26 May, 2020 09:37:07 AM
കുടിവെള്ളത്തിന് കൈക്കൂലി വാങ്ങിയ വനിതാ പഞ്ചായത്ത് സെക്രട്ടറി പിടിയില്‍
കോട്ടയം: കൊറോണക്കാലത്തു കുടിവെള്ളം വിതരണം ചെയ്യുന്നതിനു 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട വനിതാ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. കരാറുകാരനിൽ നിന്നും 16000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ കറുകച്ചാൽ പഞ്ചായത്ത് സെക്രട്ടറി കോട്ടയം പനച്ചിക്കാട് പാത്താമുട്ടം കാരിക്കുളത്തില്‍ അനിത എന്‍. തോമസാണ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. ഇവര്‍ക്ക് എതിരെ നേരത്തെ നിരവധി പരാതി ഉയര്‍ന്നിരുന്നു.
കരാറുകാരനിൽ നിന്നും 30,000 രൂപയാണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 16000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പനച്ചിക്കാട് പാത്താമുട്ടത്ത് വീടിനടുത്തുള്ള കവലയില്‍ വച്ചാണ് ഇവരെ വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നിലനിര്‍ത്തുന്നതിനാണ് യുവാവിനോട് പഞ്ചായത്ത് സെക്രട്ടറി 30,000 രൂപ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് ഇയാൾ 9000 രൂപ പഞ്ചായത്ത് ഓഫിസില്‍ വച്ച് സെക്രട്ടറിക്ക് കൈമാറി. എന്നാൽ ബാക്കി പണം ഉടൻ നൽകണമെന്ന് യുവാവിനോട് പഞ്ചായത്ത് സെക്രട്ടറി ഇടയ്ക്കിടെ ആവശ്യപ്പെട്ടു തുടങ്ങി. ഇതേത്തുടർന്നാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്.
വിജിലൻസ് നിരീക്ഷണം ആരംഭിച്ചതിനു പിന്നാലെ പഞ്ചായത്ത് സെക്രട്ടറി വീണ്ടും യുവാവിനെ ഫോണിൽ വിളിച്ചു. ഇതേത്തുടർന്നാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പാത്താമുട്ടം കവലയില്‍ വിജിലന്‍സ് നൽകിയ പണവുമായെത്തിയത്. ഈ പണം ഇവർ കാറിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ വാങ്ങി. തൊട്ടുപിന്നാലെ വിജിലൻസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇന്ന് വിജിലന്‍സ് കോടതിയില്‍ പ്രതിയെ ഹാജരാക്കും. കരാറുകാരില്‍ നിന്നും സ്ഥിരമായി കൈകൂലി വാങ്ങിയിരുന്നു എന്നാണ് ആരോപണം. ഏറെ ദിവസമായി കറുകച്ചാല്‍ പഞ്ചായത്ത് ഓഫീസ് വിജിലന്‍സ് നിരീക്ഷണത്തില്‍ ആയിരുന്നു.