24 May, 2020 02:46:00 PM
കോട്ടയത്ത് ട്രെയിനില്‍ 400 പേര്‍ കൂടി എത്തി; ഗര്‍ഭിണി ഉള്‍പ്പെടെ 8 പേര്‍ക്ക് രോഗലക്ഷണം
കോട്ടയം: ബാംഗ്ലൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക ട്രെയിനില്‍ ഇന്ന് രാവിലെ 400 പേര്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതിനെത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത് അതിവേഗത്തില്‍. ഓണ്‍ലൈനില്‍ അനുമതി നേടിയിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിച്ചതാണ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കിയത്.
വ്യക്തിഗത വിവരങ്ങളുടെയും ക്വാറന്റയിന്‍ ക്രമീകരണത്തിന്റെയും സ്ഥിരീകരണം, പനി പരിശോധന, ലഗേജുകളുടെ അണു നശികരണം എന്നിവ ഒന്നര മണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. കോട്ടയം-261, പത്തനംതിട്ട -103, ആലപ്പുഴ-34, ഇടുക്കി-രണ്ട് എന്നിങ്ങനെയാണ് കോട്ടയത്ത് ഇറങ്ങിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
രാവിലെ 10.25നാണ് ട്രെയിന്‍ ഇവിടെയെത്തിയത്. പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരു ഗര്‍ഭിണി ഉള്‍പ്പെടെ എട്ടു പേരെയും ട്രെയിനിറങ്ങിയശേഷം ആസ്വസ്ഥത അനുഭവപ്പെട്ട ഒരാളെയും ആശുപത്രിയിലേക്ക് മാറ്റി. ഏഴു പേരെ പാത്താമുട്ടത്തെ ക്വാറന്റയിന്‍ കേന്ദ്രത്തിലേക്കും നാലു ഗര്‍ഭിണിണികള്‍ ഉള്‍പ്പെടെ 384 പേരെ പൊതുസമ്പര്‍ക്കം ഒഴിവാക്കി കഴിയുന്നതിന് നിര്‍ദേശം നല്‍കി വീടുകളിലേക്കും അയച്ചു. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി ബസുകളിലും ടാക്‌സി കാറുകളിലുമാണ് ഭൂരിഭാഗം പേരും വീടുകളിലേക്ക് പോയത്. സ്വകാര്യ വാഹനങ്ങള്‍ ഉള്ളവരെ നേരിട്ട് പോകാന്‍ അനുവദിച്ചു.
കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു നടപടിക്രമങ്ങള്‍. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ ജോളി ജോസഫ്, കോട്ടയം തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍. വിദ്യാധരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, എം.സി.എച്ച് ഓഫീസര്‍ ബീ. ശ്രീലേഖ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.