22 May, 2020 01:11:54 PM
പൂഞ്ഞാറുകാര് 'പുലി'കളാ! ലോക്ക്ഡൗണില്‍ ഏറുമാടം പണിതത് മീനച്ചിലാറിന്‍റെ നടുക്ക്
ഈരാറ്റുപേട്ട: പാറക്കെട്ടുകൾക്കിടയിലൂടെ ഒഴികിവരുന്ന മീനച്ചിലാറിനു മുകളില്‍ ഒരു ഉഗ്രൻ ഏറുമാടം. പൂഞ്ഞാറിൽ നിന്നും അടിവാരം റൂട്ടിൽ മൂന്നു കിലോമീറ്റർ എത്തിയാൽ ഏറുമാടം കാണാം. പുലിയിടുക്ക് മുഴേൽ മാവില്‍ പുഴയ്ക്കു നടുവിലെ ഇലിപ്പ മരത്തിലാണ് ഏറുമാടം നിർമ്മിച്ചിരിക്കുന്നത്. കവുങ്ങും മുളയും പനയോലയും ചേർത്തുവെച്ചാണ് നിർമാണം. ഈറ്റ ഉപയോഗിച്ചു ഗോവണിയും നിർമിച്ചു.
ലോക്ക് ഡൌൺ വിരസത മാറ്റാൻ പ്രദേശവാസിയായ വാഴയിൽ കുട്ടിച്ചന്‍റെ നേതൃത്വത്തിൽ മുള്ളൻ കുഴിയിൽ ഉത്തമനും ജയേഷുമടങ്ങുന്ന ചെറുപ്പക്കാരുടെ സംഘം ആണ് ഏറുമാടമുണ്ടാക്കിയത്. സാമൂഹിക അകലം പാലിച്ചാണ് നിർമാണം നടത്തിയത്. ലോക്ക് ഡൌൺ കാലത്ത് കിളികളുടെ ശബ്ദവും പുഴയുടെ ആരവങ്ങളും ആസ്വദിച്ചു പ്രകൃതിയോട് ചേര്‍ന്ന് ഒത്തുകൂടാൻ ഏറുമാടം ഗുണമായി എന്നാണ് നാട്ടുകാരുടെ പക്ഷം.