18 May, 2020 12:40:54 PM
വൈക്കത്ത് കാറ്റ് വന്‍നാശം വിതച്ചു; ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പറന്നുപോയി
വൈക്കം: ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയും ആഞ്ഞടിച്ച കാറ്റ് വൈക്കം മെഖലയില്‍ കനത്ത നാശനഷ്ടം വിതറി. വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ ഊട്ടുപുരയുടെയും കലാപീഠത്തിന്റെയും ഉള്‍പ്പെടെ മേൽക്കൂര തകർന്നു. കനത്ത കാറ്റിൽ ഓടുകൾ നിലംപൊത്തുകയായിരുന്നു. ടൌണിലും പരിസരങ്ങളിലും വൃക്ഷങ്ങള്‍ കടപുഴകിയും ഒടിഞ്ഞും വീണാണ് നാശനഷ്ടങ്ങള്‍ ഏറെയും. മിക്കയിടങ്ങളിലും ഗതാഗതതടസമുണ്ടായി. വൈദ്യുതിവിതരണവും നിലച്ചു.
ടി.വി പുരം മേഖലയിലും നാശനഷ്ടം ഉണ്ടായി. മരങ്ങൾ വ്യാപകമായി കടപുഴകി. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. മുന്നൂറോളം വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. ട്രാന്‍സ്ഫോര്‍മറുകളും നിലംപൊത്തി. മേഖലയിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുന്നു. ആളപായം ഉണ്ടായിട്ടില്ല.
വൈക്കം നഗരത്തില്‍ പ്രത്യേകിച്ച് മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള നിരത്തുകളില്‍ വൈദ്യുതിതൂണുകളും കമ്പികളും റോഡില്‍ പൊട്ടികിടക്കുകയാണ്. വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും നിരത്തുവക്കുകളിലെ പരസ്യബോര്‍ഡുകളും കാറ്റില്‍ നിലംപൊത്തിയും ഏറെ നാശനഷ്ടങ്ങളുണ്ടായി.
ഉംപുൻ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. ഇതിെൻറ ഭാഗമായാണ് കേരളത്തിൽ ശക്തമായ മഴയും കാറ്റുമുള്ളത്. കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലില്ല. എന്നാൽ, കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റിന്‍റെ സ്വാധീനം കൂടി പരിഗണിച്ചുകൊണ്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും 'യെല്ലോ' അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തമിഴ്നാട്ടിലും തീരപ്രദേശങ്ങളിൽ കനത്ത കാറ്റ് വീശിയടിക്കുകയാണ്. തീരമേഖലയിലുടനീളം ജാഗ്രത പ്രഖ്യാപിച്ചു.