17 May, 2020 07:17:20 PM
കോട്ടയത്ത് 33 കേന്ദ്രങ്ങളിലായി 445 പേര്‍ നിരീക്ഷണത്തില്‍; വിദേശത്ത് നിന്ന് എത്തിയത് 283 പേര്‍
കോട്ടയം: ജില്ലയിലെ 33 ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലായി പൊതുസമ്പര്‍ക്കം ഒഴിവാക്കി നിരീക്ഷണത്തില്‍ കഴിയുന്നത് 445 പേര്‍. ഇതില്‍ 320 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും 125 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും വന്നവരാണ്. കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ സെന്‍ററിലാണ് ഏറ്റവുമധികം ആളുകള്‍ താമസിക്കുന്നത്. ഇവിടെയുള്ള 58 പേരില്‍ വിദേശത്തുനിന്നുള്ള 35പേരും മറ്റു സംസംസ്ഥാനങ്ങളില്‍നിന്നുള്ള 23 പേരും ഉള്‍പ്പെടുന്നു. കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്‍റര്‍, ചൂണ്ടച്ചേരി സെന്‍റ് അല്‍ഫോന്‍സ ഹോസ്റ്റല്‍, തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്കൂള്‍ എന്നിവയാണ് താമസക്കാര്‍ കൂടുതലുള്ള മറ്റു കേന്ദ്രങ്ങള്‍
കോട്ടയം - 12, ചങ്ങനാശേരി - അഞ്ച്, മീനച്ചില്‍ - നാല്, വൈക്കം - അഞ്ച്, കാഞ്ഞിരപ്പള്ളി - ഏഴ് എന്നിങ്ങനെയാണ് ക്വാറന്‍റയിന്‍ കേന്ദ്രങ്ങളുടെ താലൂക്ക് തിരിച്ചുള്ള കണക്ക്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ വീടുകളില്‍ ക്വാറന്‍റയിനില്‍ കഴിയണമെന്ന് നിര്‍ദേശമുള്ളതിനാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പെടുന്നവരെ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്നത്.
വിദേശത്തുനിന്നും മെയ് ഏഴു മുതല്‍ 16 വരെ 17 വിമാനങ്ങളിലും രണ്ടു കപ്പലുകളിലുമായി 283 പേരാണ് ജില്ലയിലെത്തിയത്. ഇതില്‍ 91 പേര്‍ ഗര്‍ഭിണികളാണ്. ഇവരും പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ 144 പേര്‍ ഹോം ക്വാറന്‍റയിനിലാണ്. ബാക്കിയുള്ള 139 പേരില്‍ 14 പേര്‍ പ്രസവവുമായി ബന്ധപ്പെട്ടും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലവും ആശുപത്രികളില്‍ കഴിയുന്നു.
മറ്റു സംസ്ഥാനങ്ങളില്‍നിന്നും കോട്ടയം ജില്ലയില്‍ എത്തുന്നവര്‍ പൊതു സമ്പര്‍ക്കമില്ലാതെ വീടുകളിലാണ് കഴിയേണ്ടതെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പെടുന്നവരെ ജില്ലാ ഭരണകൂടം സജ്ജീകരിച്ച ക്വാറന്‍റയിന്‍ കേന്ദ്രങ്ങളില്‍ താമസിക്കാന്‍ അനുവദിക്കുക. വീടുകളില്‍ ക്വാറന്‍റയിനില്‍ കഴിയാന്‍ സൗകര്യമുള്ളവര്‍ പോലും ക്വാറന്‍റയിന്‍ കേന്ദ്രങ്ങളില്‍ എത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്തേക്ക് വരുന്നതിന് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അതത് തദ്ദേശഭരണ സ്ഥാപനത്തിന്‍റെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് പാസ് നല്‍കുന്നത്. ശുപാര്‍ശ സമര്‍പ്പിക്കും മുമ്പ് അപേക്ഷകന്‍ ക്വാറന്‍റയിനില്‍ കഴിയുന്നത് എവിടെയാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനു ശേഷമാണ് ജില്ലാ കളക്ടര്‍ അപേക്ഷ അന്തിമമായി അംഗീകരിക്കുന്നത്.
എന്നാല്‍ ഹോം ക്വാറന്‍റയിന്‍ സൗകര്യമുണ്ടെന്ന് തദ്ദേശസ്ഥാപനം സാക്ഷ്യപ്പെടുത്തിയിട്ടുള്ളവര്‍പോലും ക്വാറന്‍റയിന്‍ കേന്ദ്രങ്ങളില്‍ എത്തുന്നത് ക്രമീകരണങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ മൂലം ക്വാറന്‍റയിന്‍ കേന്ദ്രങ്ങളില്‍ പോകേണ്ടവര്‍ ആദ്യം അതത് താലൂക്കുകളിലെ ഹെല്‍പ്പ് ഡസ്കുകളെയാണ് സമീപിക്കേണ്ടത്. ബന്ധപ്പെടേണ്ട ഹെല്‍പ്പ് ഡസ്കിന്‍റെ വിവരം ചെക് പോസ്റ്റുകളില്‍നിന്നുതന്നെ യാത്രക്കാരെ അറിയിക്കുന്നുണ്ട്. പാസ് അനുവദിച്ച വ്യവസ്ഥയ്ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും സ്വയം തിരഞ്ഞെടുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ താമസ സൗകര്യം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.